ഗോകുലത്തിന് തകർപ്പൻ വിജയം, ഒന്നാം സ്ഥാനത്തിന് മൂന്ന് പോയിന്റ് മാത്രം അകലെ

കേരളത്തിന്റെ ഏക ഐലീഗ് ക്ലബായ ഗോകുലം കേരള വിജയവഴിയിലേക്ക് തിരികെയെത്തി. ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ട്രാവുവിനെ നേരിട്ട ഗോകുലം കേരള ഏകപക്ഷീയമായ വിജയമാണ് സ്വന്തമാക്കിയത്. ട്രാവുവിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്താൻ ഗോകുലത്തിനായി.

മലയാളി യുവതാരം എമിൽ ബെന്നിയാണ് ഗോകുലം കേരളയുടെ ഗോൾ വേട്ട ആരംഭിച്ചത്. പതിനാറാം മിനുട്ടിൽ ഒരു ഇടം കാലൻ വോളിയിലൂടെ ആയിരുന്നു എമിലിന്റെ ഗോൾ. രണ്ടാം പകുതിയിൽ 57ആം മിനുട്ടിൽ ശരീഫ് മുഹമ്മദ് ഗോകുലത്തിന്റെ ലീഡ് ഇരട്ടിയാക്കി. ബെന്നിയുടെ കോർണറിൽ നിന്ന് പന്ത് ലഭിച്ച ഷെറിഫിന്റെ ഷോട്ട് വല തുളച്ച് കയറുക ആയിരുന്നു. 86ആം മിനുട്ടിൽ സൊഡിങ്ലിയാനയുടെ ഗോൾ ഗോകുലത്തിന്റെ മൂന്ന് പോയിന്റ് ഉറപ്പിച്ചു.

86ആം മിനുട്ടിൽ ടർസ്നോവ് ആണ് ട്രാവുവിന്റെ ആശ്വാസ ഗോൾ നേടിയത്. ഈ വിജയം ഗോകുലം കേരളയെ 10 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തിച്ചു. ഒന്നാമതുള്ള മൊഹമ്മദൻസിനേക്കാൽ മൂന്ന് പോയിന്റ് മാത്രം പിറകിലാണ് ഇപ്പോൾ ഗോകുലം കേരള ഉള്ളത്.

Exit mobile version