ചരിത്ര പോരാട്ടത്തിന് ഇറങ്ങിയ ഗോകുലത്തിന് നിരാശ

എ എഫ് സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇറങ്ങിയ ഗോകുലം കേരളയ്ക്ക് നിരാശ. ഇന്ന് ജോർദാനിൽ വെച്ച് നടന്ന മത്സരത്തിൽ ജോർദാൻ ചാമ്പ്യന്മാരായ അമ്മൻ ആയിരുന്നു ഗോകുകത്തിന്റെ എതിരാളികൾ. അവരോട് കേരള ടീം 2-1ന്റെ പരാജയം ഏറ്റു വാങ്ങി. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു ഗോകുലം പരാജയപ്പെട്ടത്. ആദ്യ പകുതിയിൽ എൽഷദായിയുടെ ഗോളിൽ ആണ് ഗോകുലം ലീഡ് എടുത്തത്. ഗോൾ കീപ്പർ അതിഥിയുടെ പാസിൽ നിന്നായിരുന്നു എൽഷദായിയുടെ ഗോൾ.

രണ്ടാം പകുതിയിൽ രണ്ട് ഫൗളുകൾ ആണ് ഗോകുലത്തിന് തിരിച്ചടി ആയത്. ആദ്യം ഹാൻഡ് ബോളിന് വിളിക്കപ്പെട്ട ഒരു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് അമ്മൻ സമനില നേടി. പിറകെ 68ആം മിനുട്ടിൽ സമിയ ഔനിയുടെ ഫ്രീകിക്കും വലയിൽ എത്തിയതോടെ അമ്മൻ ലീഡിൽ എത്തി. ഗോകുലം സമനിലക്കായി ശ്രമിച്ചു എങ്കിലും നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ അവർ പ്രയാസപ്പെട്ടു.

ഇനി നവംബർ 10ന് ഗോകുലം കേരള ഷർദാരി സിർജാനെ നേരിടും.

Exit mobile version