മെസ്സിക്ക് റഷ്യ വിടാം, ക്ലാസ്സിക്ക് പോരാട്ടത്തിൽ അർജന്റീന കടന്ന് ഫ്രാൻസ്

- Advertisement -

19കാരൻ എമ്പാപ്പെ കളം നിറഞ്ഞു കളിച്ചപ്പോൾ അർജന്റീനക്കും മെസ്സിക്കും ലോകകപ്പിൽ നിന്ന് മടക്കം. മൂന്നിനെതിരേ നാല് ഗോളുകൾക്കാണ് ക്ലാസിക് പോരാട്ടത്തിൽ ഫ്രാൻസ് അർജന്റീനയെ തോൽപ്പിച്ച് ക്വാർട്ടർ ഉറപ്പിച്ചത്. 2-1ന് പിറകിൽ നിന്നതിനു ശേഷമാണു 3 ഗോൾ തിരിച്ചടിച്ച് ഫ്രാൻസ് വിജയം സ്വന്തമാക്കിയത്. പി.എസ്.ജി യുവതാരം എമ്പാപ്പെ രണ്ടു ഗോളുകളുമായി കളം നിറഞ്ഞു കളിച്ചു.

ഫ്രാൻസിന്റെ മുന്നേറ്റം കണ്ടു കൊണ്ടാണ് മത്സരം തുടങ്ങിയത്. ഗ്രീസ്മാന്റെ ഫ്രീ കിക്ക്‌ പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു. തുടർന്നാണ് മാർക്കോസ് റോഹോ എമ്പാപ്പെയെ പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്തതിനു അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി ഗ്രീസ്മാൻ ഫ്രാൻസിന് ലീഡ് നേടി കൊടുത്തത്. എന്നാൽ ആദ്യ പകുതി കഴിയുന്നതിന് മുൻപ് ഡി മരിയയിലൂടെ അർജന്റീന സമനില പിടിച്ചു. 30വാര അകലെ നിന്നും ഡി മരിയ തൊടുത്ത ഷോട്ട് ഫ്രാൻസ് ഗോൾ കീപ്പർ ലോറിസിനെ മറികടന്ന് വല കുലുക്കുകയായിരുന്നു.

തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫ്രാൻസിനെ ഞെട്ടിച്ചു കൊണ്ട് അർജന്റീന മത്സരത്തിൽ ലീഡ് നേടി. പെനാൽറ്റി ബോക്സിലേക്ക് വന്ന മെസ്സിയുടെ ഷോട്ടിന് കാല് വെച്ച് കൊണ്ട് മെർകാടോയാണ് അർജന്റീനയുടെ ലീഡ് നേടി കൊടുത്തത്. എന്നാൽ ഒരു ഗോളിന് പിറകിലായതോടെ മികച്ച പ്രകടനം കാഴ്ചവെച്ച ഫ്രാൻസ് തുടരെ തുടരെ 3 ഗോളടിച്ച് മത്സരത്തിൽ ആധിപത്യം പുലർത്തുകയായിരുന്നു. ആദ്യം പവാർദിന്റെ വണ്ടർ ഗോളിലൂടെ സമനില പിടിച്ച ഫ്രാൻസ് അധികം താമസിയാതെ എമ്പാപ്പെയിലൂടെ ലീഡും നേടുകയായിരുന്നു.

മത്സരത്തിൽ പിറകിലായതോടെ രണ്ടും കൽപ്പിച്ച് ആക്രമണത്തിന് ഇറങ്ങിയ അർജന്റീനയെ കൗണ്ടർ അറ്റാക്കിൽ വീഴ്ത്തി എമ്പാപ്പെ ഫ്രാൻസിന്റെ നാലാമത്തെ ഗോളും നേടി അർജന്റീന പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചു. ഇഞ്ചുറി ടൈമിൽ പ്രതീക്ഷ നൽകി അഗ്വേറോയിലൂടെ അർജന്റീന ഒരു ഗോൾ മടക്കിയെങ്കിലും ജയം നേടാൻ ആവശ്യമായ നാലാമത്തെ ഗോൾ നേടാൻ അവർക്കായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement