4 കളികൾ, അതിനപ്പുറം കിരീടം

വെറും നാല് കളികൾ. പ്രീക്വാർട്ടറിൽ എത്തിയ ഏത് ടീമിനും ഇനിയുള്ള 4 കളികൾ തുടർച്ചയായി ജയിക്കാൻ കഴിഞ്ഞാൽ ലോകകപ്പുമായി നാട്ടിലേക്ക് മടങ്ങാം.

ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു ടൂർണമെന്റ് ജയിക്കാനുള്ള സമവാക്യം ഇതിലധികം ലഘുവായി പറയാൻ കഴിയുമോ എന്ന് സംശയമാണ്. പല റൗണ്ട് ക്വാളിഫിക്കേഷൻ കളികൾ, അതിനുമപ്പുറം 32 ടീമുകൾ 8 ഗ്രൂപ്പുകളായി കളിച്ച മത്സരങ്ങൾ എന്നിവയ്ക്കൊടുവിൽ ഇൗ വർഷത്തെ ലോകകപ്പ് നേടാൻ പറ്റുന്ന ടീമുകളുടെ എണ്ണം 16 ആയി ചുരുങ്ങി. ആവേശം നിറഞ്ഞുനിൽക്കുന്ന ഇൗ ലോകകപ്പ് മറ്റേത് വർഷത്തേക്കാളും മികച്ചതാണെന്ന് അഭിപ്രായങ്ങൾ പല ദിക്കിൽ നിന്നും വരുന്നു.

കഴിഞ്ഞ 2 ടൂർണമെന്റുകളിലെ പതിവ് പ്രകാരം ചാമ്പ്യൻമാർ ഇൗ വർഷം ആദ്യ റൗണ്ടിൽ തന്നെ പുറത്ത് പോകുന്നതാണ് ഏറ്റവും ഞെട്ടൽ ഉളവാക്കിയത്‌. സൗത്ത് കൊറിയയെ തോൽപ്പിച്ചാൽ ഒരു പക്ഷെ ഗ്രൂപ്പ് ജേതാക്കളായി മുന്നേറാൻ കഴിയുമായിരുന്നു. എന്നൽ സൗത്ത് കൊറിയ പുറത്തേക്കുള്ള വഴിയിൽ ജർമനിയെയും കൂട്ടി. അവരുടെ ഗോൾ കീപ്പർ 19 വയസുള്ള ചൊ ഹ്യുൻ വൂ ജർമനിയെ കുറച്ചൊന്നുമല്ല പ്രയാസപ്പെടുത്തിയത്. ജയത്തോടെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനം കൊറിയയ്ക്ക്‌ സ്വന്തം. ടോണി ക്രൂസിന്റെ സ്വീഡന് എതിരെയുള്ള അവസാന നിമിഷ ത്രില്ലർ ഗോൾ മാത്രം ജർമനിക്ക് ഓർക്കാൻ കൊള്ളാവുന്ന ഓർമയായി. മെക്‌സിക്കോ നല്ല പ്രകടനം പുറത്തെടുത്തെങ്കിലും അവസാന കളിയിൽ നിറംകെട്ടു. ഗോൾകീപ്പർ ഒച്ചാവോയും ചിച്ചാരിറ്റോയും ഹിർവിങ് ലോസാനോയുമാണ് താരങ്ങൾ.

ആദ്യ റൗണ്ടിൽ പുറത്തായവരിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത് മൊറോക്കോ ആണെന്നാണ് പൊതു അഭിപ്രായം. സ്പെയിനെയും പോർച്ചുഗലിനെയും വെള്ളം കുടിപ്പിച്ച അവർ ഒരു ഇറാനോട് തോറ്റത് ഓൺ ഗോൾ കാരണമായിരുന്നു. ഇറാന്റെ 23 വയസുള്ള സർദാർ അസ്മൗൻ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും വധഭീഷണി നിമിത്തം രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ചു എന്ന വാർത്ത അപ്രതീക്ഷതമായിരുന്നു. പോർച്ചുഗലിന് വേണ്ടി ആദ്യ കളിയിൽ സ്വപ്നതുല്യമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനം.

സെനഗലിന്റെ പുറത്താകൽ ലോകകപ്പ് ചരിത്രത്തിന്റെ ഭാഗമായി. നേടിയ പോയിന്റുകളും, ഗോൾ വ്യത്യാസം ഒക്കെ ജപ്പാനുമായി ഒരേപോലെ ആയപ്പോൾ അവരെക്കാൾ കൂടുതൽ മഞ്ഞക്കാർഡ് വാങ്ങി ഫെയർ പ്ലേ പോയിന്റുകളുടെ വ്യത്യാസം കാരണം പുറത്ത് പോകേണ്ടി വന്നു. ഗോൾ വഴങ്ങാതെ കളിക്കണമെന്നും ഒരു അറ്റാക്കും നടത്തേണ്ട എന്ന ജപ്പാൻ കോച്ചിന്റെ നിർദ്ദേശം അതേപടി ടീം അനുസരിച്ചു. കൊളംബിയ അപ്രതീക്ഷതമായി ഒരു കളി തോറ്റത് ഒഴികെ വേറെ തട്ടുകേടുകൾ ഒന്നുമില്ലാതെ കടന്നു കൂടി. പോളണ്ട് നിരാശാജനകമായ പ്രകടമായിരുന്നു. നിർണായകമാകുമെന്ന്‌ കരുതിയ ലെവൻഡോവ്സ്കി നിരാശപ്പെടുത്തി.

പെറു ആദ്യ മത്സരത്തിൽ ഡെന്മാർക്കിനോട് നേടിയ പെനൽറ്റി ഗോൾ ആക്കിയിരുന്നെങ്കിൽ പ്രീ ക്വാർട്ടറിൽ എത്തുമായിരുന്നു. കുയേവ എടുത്ത ഷോട്ട് പുറത്തേക്ക് പോയപ്പോൾ ലോകകപ്പിൽ മുന്നേറാനുള്ള അവസരമാണ് നഷ്ടമായത്. ഫ്രാൻസ് അവസാന മത്സരം വിരസമായ സമനിലയ്ക്ക്‌ വേണ്ടി കളിച്ചു എന്ന ആക്ഷേപം കേൾക്കുന്നുണ്ട്. ഗ്രൂപ്പിൽ നിന്നും അവരും ഡെന്മാർക്കും കടന്നു.

റഷ്യയിൽ നടക്കുന്ന ലോകകപ്പിലെ മറ്റൊരു ‘സർപ്രൈസ്’ റഷ്യയുടെ തന്നെ പ്രകടനമാണ്. ആദ്യ രണ്ട് കളിയിൽ നിന്നും 8 ഗോളുകളാണ് അടിച്ചെടുത്തത്. ഡെനിസ് ചെറിഷേവ് ആയിരുന്നു രണ്ട് കളികളിലും മാൻ ഓഫ് ദ് മാച്ച് ആയത്. പ്രീമിയർ ലീഗിലെ അപാര ഫോമുമായി ലിവർപൂളിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്താൻ നിർണായക പ്രകടനം കാഴ്ചവെച്ച മുഹമ്മദ് സലായിൽ പ്രതീക്ഷ വെച്ചെത്തിയ ഈജിപ്തിന് ഒരു വിജയം പോലും നേടാൻ കഴിഞ്ഞില്ല. സൗദി അറേബ്യ ദയനീയമായിരുന്നു ആദ്യ രണ്ട് കളികളിലും. പക്ഷേ അവരോട് പോലും തോറ്റാണ് ഈജിപ്റ്റ് പോകുന്നത്. ഉറുഗ്വേ മോശമായി തുടങ്ങിയെങ്കിലും മൂന്ന് മത്സരങ്ങളിലും ഒരു ഗോൾ പോലും വഴങ്ങാതെ എല്ലാം ജയിച്ചു കടന്നു. ഡീഗോ ഗോഡിനാണ് താരം. സുവാരസും കവാനിയും ഫോമിലേക്ക് വന്നത് അവർക്ക് ആശ്വാസമാകും.

ഐസ്ലൻഡിന്റെ ആദ്യ കളി അവർ അർജന്റീനയെ വെള്ളം കുടിച്ചതും, മെസ്സിയെ പൂട്ടിയതും മെസ്സി പെനൽറ്റി മിസ്സാക്കിയതും ഉൾപ്പടെ സംഭവബഹുലമായിരുന്നു. അർജന്റീന ഒടുവിൽ ക്രൊയേഷ്യയോടും തോറ്റ് പുറത്താകലിന്റെ വക്കിൽ എത്തിയെങ്കിലും നൈജിരിയയെ തോൽപ്പിച്ച് കടന്നുകൂടി. ക്രൊയേഷ്യൻ ജയങ്ങൾ സമ്പൂർണ ആധിപത്യത്തോടെ തന്നെയായിരുന്നു. ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ച് മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇവാൻ റാക്കിറ്റിച്ച്, റെബിച്ച്, പെരിസിച്ച്, മൻസുകിച്ച് എന്നിവർ നിർണായക പ്രകടനങ്ങളുമായി മുന്നിൽ നിന്നു.

ബ്രസീൽ തങ്ങളുടെ ആദ്യ കളി ആദ്യപകുതി വളരെ മികച്ച പ്രകടനം ആയിരുന്നു. എന്നാൽ പിന്നീട് ആ ഒരു ചൂട് നഷ്ടപെട്ട അവർ അവസാൻ ഗ്രൂപ്പ് മത്സരം മികച്ച പ്രകടനം പുറത്തെടുത്തു. കഴിഞ്ഞ 9 ലോകകപ്പിലെയും പോലെ ഗ്രൂപ്പ് ചാമ്പ്യൻമാരായി മുന്നേറുകയും ചെയ്തു. താരമാകുമെന്ന് കരുതിയ നെയ്മറിന്റെ ഡൈവ്‌ ഒക്കെ കല്ലുകടിയായി. കുട്ടിന്യോയാണ് ഇതുവരെയുള്ള മത്സരങ്ങളിൽ അവർക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയത്. സ്വിറ്റ്സർലൻഡ് സെർബിയ കളി രാഷ്ട്രീയ പ്രാധാന്യം അർഹിക്കുന്നതായി. കോസോവിയിൽ നിന്നുള്ള ഷകീരിയും, ക്ഷാക്കയും ഗോളുകൾ നേടിയപ്പോൾ അവരുടെ വംശജരെ ഉപദ്രവിച്ച സെർബിയക്കാരോടുള്ള പ്രതിഷേധത്തിന്റെ വേദിയായി കളിക്കളത്തെ മാറ്റിയപ്പോൾ സെർബിയക്കാരും പ്രതിഷേധം ഉയർത്തി. കോസ്റ്റ റിക്ക കഴിഞ്ഞ പ്രാവശ്യത്തെ ഡ്രീം റൺ നടത്താൻ കഴിയാതെ പുറത്തായി. ആകെ ഒരു പോയിന്റുമായി. കെയ്ലർ നവാസ് മാത്രമാണ് അവരുടെ ടീമിൽ മികച്ച പ്രകടനം നടത്തിയത്.

ഏറ്റവും പ്രെടിക്ടബിൾ ആയിരുന്നു എന്ന് പറയാവുന്ന ഗ്രൂപ്പിൽ നിന്നും ബെൽജിയവും, ഇംഗ്ലണ്ടും മുന്നേറി. മികച്ച പ്രകടനമാണ് രണ്ട് ടീമും കാഴ്ചവെച്ചത്. 6 ഗോളിന് പിന്നിൽ നിൽക്കുമ്പോഴും ഒരു ഗോൾ അടിച്ചപ്പോൾ പനാമ ആഘോഷിച്ചത് ശ്രദ്ധേയമായി. ടുണീഷ്യക്കും പ്രധാന ടീമുകളുമായി ഒന്നും ചെയ്യാനായില്ല. അവസാന മത്സരത്തിൽ പനാമയെ തോൽപിച്ചത് മാത്രം അവരുടെ ടൂർണമെന്റ് ഹൈലൈറ്റ് എന്ന് പറയാം.

ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌നാണ്‌. ഏറ്റവും മികച്ച രീതിയിൽ കളിച്ച ടീമുകൾ ബ്രസീൽ, ക്രൊയേഷ്യ, ബെൽജിയവും പിന്നെ ഒരു പരിധി വരെ ഇംഗ്ലണ്ടും, ഉറുഗ്വേയുമാണ്‌.

നാളെ മുതൽ ചൊവ്വാഴ്ച്ച വരെ ഇനി പ്രീക്വാർട്ടർ മത്സരങ്ങളാണ്. അടുത്ത വെള്ളിയും ശനിയും ക്വാർട്ടർ മത്സരങ്ങൾ. പിന്നെ 10ആം തിയതിയും, 11ആം തിയതിയും സെമി മത്സരങ്ങളും നടക്കും. ഒടുവിൽ 15ന് ലുസ്നികി സ്റ്റേഡിയത്തിൽ സമാപനം. 36 മത്സരങ്ങൾ കഴിഞ്ഞു. ഇനി പ്രധാന ടൂർണമെന്റിൽ ഉള്ളത് 15 മത്സരങ്ങളും, മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരവും മാത്രം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Comments are closed, but trackbacks and pingbacks are open.