Site icon Fanport

ആവേശകരമായ മത്സരത്തില്‍ ക്യുബര്‍സ്റ്റിനെ മറികടന്ന് ഫിനസ്ട്ര

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ ആവേശകരമായ വിജയം കുറിച്ച് ഫിനസ്ട്ര. എതിരാളികളായ ക്യുബര്‍സ്റ്റിനെ 107 റണ്‍സിന് ഓള്‍ഔട്ട് ആക്കിയെങ്കിലും ഫിനസ്ട്രയുടെ ചേസിംഗ് അത്ര സുഖകരമല്ലായിരുന്നു. 19 ഓവറില്‍ മാത്രമാണ് ചെറിയ ലക്ഷ്യമായ 108 റണ്‍സ് ടീമിന് മറികടക്കുവാന്‍ സാധിച്ചത്.

വിഷ്ണു അനില്‍(28), സുജിത്ത് സുരേഷ്(20) എന്നിവര്‍ മാത്രം ചെറുത്ത് നില്പുമായി ക്യുബര്‍സ്റ്റ് നിരയില്‍ നിന്നപ്പോള്‍ 20 ഓവറിലാണ് ടീം ഓള്‍ഔട്ട് ആയത്. ഫിനസ്ട്രയ്ക്കായി നബീല്‍ ബഷീര്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ മൂന്ന് ക്യുബര്‍സ്റ്റ് വിക്കറ്റുകള്‍ റണ്ണൗട്ട് രൂപത്തിലാണ് നഷ്ടമായത്.

28 റണ്‍സുമായി ഗോകുല്‍ രാജ് പുറത്താകാതെ നിന്നാണ് ഫിനസ്ട്രയുടെ വിജയം ഉറപ്പാക്കിയത്. ഒരു ഘട്ടത്തില്‍ 73/5 എന്ന നിലയിലേക്ക് ടീം വീണ ശേഷം ആറാം വിക്കറ്റില്‍ ഗോകുലും വിഷ്ണു സുധാകരനും ചേര്‍ന്ന് നേടിയ 33 റണ്‍സ് കൂട്ടുകെട്ടാണ് മത്സരം ഫിനസ്ട്രയ്ക്ക് അനുകൂലമാക്കി മാറ്റിയത്. വിജയത്തിന് ഒരു റണ്‍സ് അകലെ ടീമിനെ എത്തിച്ച ശേഷമാണ് വിഷ്ണു മടങ്ങിയത്. ഓപ്പണര്‍ അരുണ്‍ രാമചന്ദ്രന്‍(25) ആണ് ബാറ്റിംഗില്‍ ഫിനസ്ട്രയ്ക്കായി തിളങ്ങിയ മറ്റൊരു താരം.

ക്യുബര്‍സ്റ്റിനായി എവി രാജേഷ് 2 വിക്കറ്റ് നേടി.

Exit mobile version