primus mobile
primus mobile

കൂട്ടായി പ്രതിരോധിക്കാൻ ഇറാൻ

2014 ലെ ലോകകപ്പിൽ മെസ്സിയുടെ അർജന്റീനെക്കെതിരെ കോട്ട കെട്ടി നിന്ന ഇറാനെ ഓർമ്മയില്ലേ? അതിന് തന്നെയാവും ഗ്രൂപ്പ് ബിയിൽ ടീം മെല്ലി റഷ്യയിൽ ഒരുങ്ങിയെത്തുക. കൂട്ടായ പ്രതിരോധത്തിലൂടെ വമ്പന്മാരെ നിരാശരാക്കാനാവും ഏഷ്യൻ വമ്പന്മാരുടെ ശ്രമം. ഏഷ്യയിൽ നിന്നാദ്യമായി റഷ്യയിലേക്ക് യോഗ്യത നേടിയ ആദ്യ ഏഷ്യൻ രാജ്യമാണ് ഇറാൻ. അഞ്ചാം ലോകകപ്പ് കളിക്കുന്ന അവർ ഇത് ചരിത്രത്തിൽ ആദ്യമായാണ് തുടർച്ചയായ ലോകകപ്പിലേക്ക് യോഗ്യത നേടുന്നത്. എന്നാൽ ഫുട്ബോളിന്റെ യശസ്സുയർത്തിയ 1998 ലെ രാഷ്ട്രീയ പ്രധാന്യമേറിയ അമേരിക്കക്കെതിരായ പ്രസിദ്ധമത്സരത്തിലെ ഏക ജയം മാത്രമാണ് ഇറാന്റെ ലോകകപ്പിലെ ഏക വിജയം. ഏഷ്യയിൽ നിന്ന് ഗ്രൂപ്പ് എയിൽ സൗത്ത് കൊറിയയെ മറികടന്ന് ലോകകപ്പിന് നേരിട്ട് യോഗ്യത നേടിയ ടീം യോഗ്യത മത്സരങ്ങളിൽ തോൽവി അറിഞ്ഞില്ലെന്ന് മാത്രമല്ല വെറും രണ്ട് ഗോളുകൾ മാത്രമെ വഴങ്ങിയിട്ടുള്ളു എന്നതവരുടെ കരുത്ത് കാണിക്കുന്നു.

റയൽ മാഡ്രിഡിന്റെ മുൻ പരിശീലകൻ പോർച്ചുഗീസ് കാരൻ കാർലോസ് കുയെരോസാണ് ഇറാന്റെ പരിശീലകൻ. കഴിഞ്ഞ കുറെ വർഷങ്ങളായി ഇറാൻ കഴിവരിച്ച നേട്ടങ്ങൾക്ക് പിറകിൽ കാർലോസിന് വലിയ പങ്കുണ്ട്. 2011 മുതൽ ടീം പരിശീലകനായ കാർലോസിന് കീഴിൽ 69 മത്സരങ്ങളിൽ വെറും 8 പരാജയമാണ് ഇറാൻ വഴങ്ങിയത്. പ്രതിരോധമാണ് കാർലോസിന്റെ ശക്തി. യോഗ്യത മത്സരങ്ങളിൽ തുടർച്ചയായ 12 ക്ലീൻ ഷീറ്റുകളാണ് ഇറാൻ നേടിയത്. എന്നാൽ സൗഹൃദ മത്സരങ്ങളിൽ കുറച്ച് അക്രമണസ്വഭാവം കാണിക്കുന്ന ഇറാനേയും അടുത്ത് കണ്ടു. എങ്കിലും 4-2-3-1 എന്ന ശൈലിയിൽ തന്നെയാവും ഇറാനിറങ്ങുക. ചൂടൻ സ്വഭാവം കാരണം പലപ്പോഴും അനാവശ്യ വിവാദങ്ങൾ ക്ഷണിച്ച് വരുത്തുമെങ്കിലും ഇറാൻ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ് കാർലോസ്. ഇറാൻ സമീപകാലത്ത് നടത്തിയ മുന്നേറ്റങ്ങളുടെ മുഖ്യകാരണവും അദ്ദേഹം തന്നെ. ഗ്രൂപ്പ് ബിയിൽ ജന്മനാടിനെതിരെ തന്റെ അറിവ് കാർലോസിന് മുതൽ കൂട്ടാകും. ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ മുമ്പ് സർ അലക്സ് ഫെർഗ്യൂസന്റെ സഹായി ആയിരുന്ന കാർലോസിന് ക്രിസ്റ്റ്യാനോ റൊണോൾഡോയെ പൂട്ടേണ്ട വിധവും നന്നായറിയാം എന്നതാണ്.

2014 ൽ നിന്ന് നന്നായി മുന്നേറിയ ടീമാണ് ഇറാന്റേത്. യുറോപ്പിലും നാട്ടിലും കളിക്കുന്ന താരങ്ങളുടെ മിശ്രിതമാണ് ഇറാൻ നിര. മരിച്ച് കൂട്ടായി കളിക്കുന്ന ഒരു പോരാളിപ്പട അതാണ് ടീം മെല്ലി. ഗോളിൽ അലിറെസ ബെയ്റവാദോ ഹൊസൈൻ ഹൊസൈനിയോ ആവും ഇറാൻ വല കാക്കുക. പ്രതിരോധത്തിൽ റഷ്യയിൽ കളിക്കുന്ന മിലാദ് മൊഹമ്മദിയുടെ പരിചയസമ്പത്ത് ഇറാനു അതീവ നിർണ്ണായകമാവും. ഒപ്പം ജലാൽ ഹൊസൈനി, മോർട്ടെസ, മാജിദ് ഹൊസൈനി, മുഹമ്മദ് റെസ തുടങ്ങിയവരുമുണ്ട്. കൂട്ടായി പ്രതിരോധിക്കുന്ന ഈ പ്രതിരോധത്തെ മറികടക്കലാവും ഗ്രൂപ്പ് ബിയിൽ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ ടീമുകൾ നേരിടുന്ന വലിയ വെല്ലുവിളി.

മധ്യനിരയിൽ ഒളിമ്പിയാക്കോസിന്റെ എഹ്സാൻ ഹജ്സാഫിയാണ് ഇറാന്റെ പ്രധാന താരം. റഷ്യയിൽ ഹജ്സാഫിയുടെ പ്രകടനം ഇറാനു വളരെ പ്രധാനമാണ്. ഒപ്പം റഷ്യൻ ലീഗിൽ കളിക്കുന്ന സെയെദ് ഇസതൊള്ളാഹിയും ഇറാന് മികവ് പകരും. ഒപ്പം മികച്ച വേഗം കൈമുതലായുള്ള മെഹദി തെരമിയും ഇറാനുണ്ട്. ഇതിനോടൊപ്പം ഓസ്ടെർസുണ്ടിന്റെ യുവതാരം സമൻ ഗൊദ്ദോസും ശ്രദ്ധിക്കേണ്ട താരമാണ്. മുന്നേറ്റത്തിൽ റഷ്യൻ ക്ലബ് റൂബൻ കസാന്റെ 22 കാരൻ സർദാർ അസമൗനാണ് ഇറാന്റെ കുന്തമുന. ഇതിനകം തന്നെ രാജ്യത്തിനായി 22 ഗോളുകൾ കണ്ടെത്തിയ അസമൗൻ വിഖ്യാത താരം അലി ദയിയുടെ പിൻഗാമിയായാണ് വാഴ്ത്തപ്പെടുന്നത്. ഇറാൻ മെസ്സി, പുതിയ സ്ലാൾട്ടൻ ഇബ്രമോവിച്ച് എന്നൊക്കെ വിളിപ്പേരുള്ള അസമൗൻ റഷ്യയിൽ തീ തുപ്പുമോ എന്ന് കണ്ട് തന്നെ അറിയണം. അസമൗൻ അടക്കം റഷ്യയിൽ കളിക്കുന്ന താരങ്ങളുടെ മത്സരപരിചയം ഇറാനു ഗുണമാകും.

യതാസ്ഥികതയുടെ കടും പിടുത്തത്തിൽ നിന്ന് ആധുനികതയിലേക്കുള്ള പതുക്കയുള്ള ഇറാന്റെ മാറ്റം ഫുട്ബോളിന്നും നല്ല ഗുണമാണ് വരുത്തിയത്. എന്നാൽ നിർഭാഗ്യം സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നിവരുൾപ്പെട്ട ഗ്രൂപ്പ് ബിയുടെ രൂപത്തിലാണ് ഇറാനു മേൽ പതിച്ചത്. അതിനാൽ തന്നെ ഏഷ്യയിലെ ഏറ്റവും മികച്ച ടീമായിട്ടും ഇറാൻ രണ്ടാം റൗണ്ട് കാണുക എന്നത് സംഭവിക്കാൻ വലിയ അത്ഭുതം തന്നെ സംഭവിക്കണം. തങ്ങൾ വന്നത് വെറും സന്ദർശകരാകാനല്ല എന്ന് പരിശീലകൻ കാർലോസ് ആവർത്തിച്ച് പറയുന്നെങ്കിലും ഒന്നാം റൗണ്ടിനപ്പുറം ഇറാൻ പോകാൻ സാധ്യത വളരെ കുറവാണ്. എങ്കിലും മരണം വരെ പൊരുതാനുള്ള ആത്മവീര്യവുമായി ഇറാൻ സംഘമായി പ്രതിരോധിക്കുമ്പോൾ അവരെ മറികടക്കാൻ ഏത് വമ്പന്മാരും നന്നായി വിയർക്കും എന്നുറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial