അട്ടിമറിക്ക് കെൽപ്പുള്ള ഡാനിഷ് പട

2016 ഒക്റ്റോബറിനു ശേഷം തുടർച്ചയായ 11 കളികളിൽ തോൽവി അറിയാതെയാണ് ഡെൻമാർക്ക് ലോകകപ്പിനെത്തുന്നത്. യോഗ്യത മത്സരങ്ങളിൽ അവസാനം കളിച്ച 7 എണ്ണത്തിൽ 6 ലും ജയം കണ്ട ദ റെഡ് വൈറ്റിന്റെ അഞ്ചാം ലോകകപ്പാണിത്. 1986 ൽ ആദ്യ ലോകകപ്പ് കളിച്ച 1992 ലെ യൂറോപ്യൻ ചാമ്പ്യന്മാർ 1998 ൽ ക്വാട്ടർ ഫൈനലിലുമെത്തി. 1998 ൽ നേടിയ ഈ നേട്ടം ആവർത്തിക്കാനാവും 2010 നു ശേഷം ആദ്യ ലോകകപ്പിനിറങ്ങുന്ന ഡാനിഷ് പടയുടെ ലക്ഷ്യം. 1998 ൽ പകരക്കായിറങ്ങി 16 സെക്കന്റിൽ നൈജീരിയക്കെതിരെ ഗോൾ നേടിയ ഡാനിഷ് താരം എബെ സാന്റിന്റെ പേരിലാണ് ഈ ഇനത്തിലെ ലോകറെക്കോർഡ്.

64 കാരൻ നോർവ്വക്കാരൻ പരിശീലകൻ ആഗെ ഹരെയിഡിന് സ്കാൻഡീവിയൻ ഫുട്ബോളിലുള്ള ദീർഘകാലത്തെ അനുഭവപരിചയം ഡെന്മാർക്കറ്റ് വലിയ കരുത്താണ്. ഫുട്ബോളിൽ വേഗത്തിൽ വളരുന്ന പുതിയ യൂറോപ്യൻ ശക്തിയാണ് ഡെൻമാർക്ക്. ഇതിനുള്ള തെളിവാണ് യോഗ്യത മത്സരങ്ങളിൽ പോളണ്ടിനെ 4-0 ത്താനടക്കം തകർത്തത്. എന്നാൽ യൂറോപ്പിൽ ഗ്രൂപ്പ് ഇയിൽ പോളണ്ടിന് പിറകിൽ രണ്ടാമതായ അവർ പ്ലേ ഓഫിലൂടെയാണ് ലോകകപ്പിന് യോഗ്യത നേടിയത്. പ്ലേ ഓഫിൽ റിപ്പബ്ലിക് ഓഫ് അയർലെന്റിനെ അവരുടെ മൈതാനത്ത് ക്രിസ്റ്റ്യൻ എറിക്സണിന്റെ ഹാട്രിക്ക് മികവിൽ 5-1 നാണ് ഡെൻമാർക്ക് മറികടന്നത്.

ഇംഗ്ലീഷ് ക്ലബ് ടോട്ടനത്തിന്റെ ക്രിസ്റ്റ്യൻ എറിക്സനാണ് ഡെൻമാർക്കിന്റെ ഏറ്റവും വലിയ ശക്തി. മധ്യനിരയിൽ ഗോളടിക്കുന്നതിലും മിടുക്കനായ എറിക്സൺ സീസണിൽ ടോട്ടനത്തിനായി 10 ഗോളും 11 അസിസ്റ്റും നേടി. പി.എസ്.ജി അടക്കം വമ്പന്മാരുടെ നോട്ടപ്പുള്ളിയായ എറിക്സൺ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ 9 ഗോളുകളും 4 അസിസ്റ്ററ്റുകളും നേടി. 2017 ൽ അപാര ഫോം പുറത്തെടുത്ത 26 കാരൻ കളിച്ച 9 ത് കളികളിൽ 9 ഗോളുകളാണ് നേടിയത്. അതിനാൽ തന്നെ എറിക്സൺ എങ്ങനെ കളിക്കും എന്നതാവും ഡെൻമാർക്കിന്റെ ഭാവി നിർണ്ണയിക്കുന്നതിലെ പ്രധാന ഘടകം. സീസണിൽ പുറത്തെടുത്ത ക്രിയാത്മകവും മികവും എറിക്സൺ ലോകകപ്പിലും ആവർത്തിച്ചാൽ ഡാനിഷ് ടീമിനെ പിടിച്ച് കെട്ടുക അത്ര എളുപ്പമാവില്ലെന്നുറപ്പാണ്.

പരിചയസമ്പന്നതയും യുവത്വവും ശരിയായ വിധം ഒത്തിണങ്ങിയ ഡെൻമാർക്കിനെ വെറും എറിക്സന്റെ ടീമായി കാണുന്നത് ബഹുമാനക്കുറവാകും. ലോകകപ്പ് കളിക്കുന്ന അപൂർവ്വം അച്ഛനും മകനുമാവാനുള്ള തയ്യാറെടുപ്പിലാണ് പീറ്റർ ഷെമയ്ക്കലും മകൻ കാസ്പർ ഷെമയ്ക്കലും. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡാനിഷ് ഇതിഹാസ ഗോൾ കീപ്പർ പീറ്ററിന്റെ മകൻ കാസ്പർ തന്നെയാവും ഡാനിഷ് വല കാക്കുക. ലെസ്റ്ററിനെ രണ്ട് വർഷം മുമ്പ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച കാസ്പറിന് സീസണവസാനം ചെറിയ പരിക്കേറ്റങ്കിലും അത് ലോകകപ്പിനെ ബാധിക്കില്ലെന്നാണ് ഡാനിഷ് പ്രതീക്ഷ. ഒപ്പം പ്രീമിയർ ലീഗിലെ അത്ഭുത ടീമായി മാറിയ ഹഡർസ്ഫീൾഡ് ഗോൾ കീപ്പർ യോനസ് ലോസലും ടീമിലുണ്ട്. സീസണിൽ മികച്ച പ്രകടനമായിരുന്നു ലോസലിന്റേത്. പരിചയസമ്പന്നനായ സെവിയ്യ താരം സിമോൻ ഹായെറാണ് ഡെൻമാർക്ക് പ്രതിരോധം നയിക്കുക. എന്നാൽ സീസണിൽ മിന്നും പ്രകടനം ചെൽസിക്കായി നടത്തിയ യുവതാരം ആന്ദ്രസ് ക്രിസ്റ്റ്യൻസണാവും ഡെന്മാർക്കിന്റെ തുറുപ്പ് ചീട്ട്‌. ഒപ്പം ബുണ്ടസ് ലീഗ ടീം ബൊറുസ്സിയ മല്ലദ്ബാഷിന്റെ യാനിക് വെസ്റ്റർഗാർഡ്, റയൽ ബെറ്റിസിന്റെ റിസ ദുർമിസി, ഹഡർഫീൾഡിന്റെ മത്യാസ് ജൊറെൻസൺ എന്നിവരുമുണ്ട്. ഇങ്ങനെ അത്ര ശക്തമല്ലെങ്കിലും മികച്ചതാണ് ഡാനിഷ് പ്രതിരോധം. പ്രതിരോധത്തിന്റെ ചെറിയ വീഴ്ച്ചകൾ കാസ്പർ തടഞ്ഞ് നിർത്തും എന്നാണ് ആരാധക പ്രതീക്ഷ. 

ക്രിസ്റ്റ്യൻ എറിക്സൺ തന്നെ മധ്യനിരയുടെ ശക്തി. ഒപ്പം എറിക്സണുമായി നന്നായി ഒത്തിണങ്ങുന്ന സെൽറ്റ വിഗോയുടെ വിങർ പിയോനെ സിറ്റോയും ശ്രദ്ധ പതിയേണ്ട താരമാണ്. സീസണിൽ മികച്ച ഫോമിലുള്ള ഉഗാണ്ടയിൽ ജനിച്ച സിറ്റോയുടെ വേഗവും ഡ്രിബിളിങ് പാടവവും എതിരാളിക്ക് വെല്ലുവിളിയാണ്. ശക്തമാണ് ഡാനിഷ് മധ്യനിര. മുൻ ബയേൺ താരവും സൗത്താപ്റ്റണിന്റെ പിയരെ-എമിലി ഹോബയെർഗ് പ്രതിരോധവും മധ്യനിരയേയും ബന്ധിപ്പിക്കും. സെൽറ്റയുടെ ഡാനിയൽ വാസ്സ്, അയാക്സിന്റെ ലാസ്റ്റെ സ്കോനെ എന്നിവർക്കൊപ്പം വെർഡർ ബ്രമന്റെ പ്രധാനതാരം തോമസ് ഡിലേനിയും ഡെൻമാർക്കിന് മധ്യനിരയിൽ കരുത്ത് പകരും. മുന്നേറ്റത്തിൽ കഴിഞ്ഞ സീസണിൽ അയാക്സിനായി മിന്നും കളി പുറത്തെടുത്ത കാസ്പർ ഡോൽബെർഗാവും ആദ്യ പതിനൊന്നിൽ. ഡോൽബെർഗിൽ നിന്ന് ഡെൻമാക്ക് ഒരുപാട് പ്രതീക്ഷിക്കുന്നു. ഒപ്പം അറ്റ്ലാന്റയുടെ ആന്ദ്രസ് കോർനെലിസും പരിചയസമ്പന്നനായ മുൻ ആർസനൽ താരം നിക്കോളാസ് ബെന്റനറും ഉണ്ട്. സീസണിൽ നോർവ്വ ക്ലബ് റോസൻബെർഗിനായി തന്റെ പഴയ പ്രതാപം കണ്ടത്തിയ ബെന്റനർ അവർക്കായി 20 തിലേറെ ഗോളുകളാണ് സീസണിൽ കണ്ടത്തിയത്. ബെന്റനറിന്റെ അനുഭവപരിചയം ഡെൻമാർക്കിന് കരുത്താണ്. എന്നാൽ മുന്നേറ്റത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് യുവ താരം യുസുഫ് പൗൾസനെയാണ്. ബുണ്ടസ് ലീഗയിലെ പുതിയ ശക്തി റെഡ്ബുൾ ലെപ്സിഗ്‌ താരമായ പൗൾസനെ പലരും ഇബ്രമോവിച്ചിനോടോണ് താരതമ്യം ചെയ്യുന്നത്‌. പൗൾസന്റെ കരുത്തും മികവും ഡെൻമാർക്ക് മുന്നേറ്റത്തിൽ നിർണ്ണായകമാവും. 

2012 യൂറോ കപ്പിന് ശേഷം പ്രധാന ടൂർണമെന്റിനെത്തുന്ന ഡെൻമാർക്ക് എല്ലാ വിധത്തിലും ഈ ലോകകപ്പിലെ കറുത്ത കുതിരകളാവാൻ സാധ്യതയുള്ള സംഘമാണ്. 4-3-3 ശൈലിയിൽ അക്രമണത്തിലൂന്നി കളിക്കാനിഷ്ടപ്പെടുന്ന അവർ ഫ്രാൻസിന് പിറകിൽ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനമാവും ലക്ഷ്യം വക്കുക. പെറുവും ഓസ്ട്രേലിയയും ഉൾപ്പെട്ട ഗ്രൂപ്പിൽ പെറുവിന് മുകളിൽ രണ്ടാമതാവുക എന്നതാവും ഡാനിഷ് പടയുടെ പ്രഥമ ലക്ഷ്യം. രണ്ടാം റൗണ്ട് പ്രവേശനമാണ് പലരും പ്രവചിക്കുന്നതെങ്കിലും പല വമ്പന്മാരയും വീഴ്ത്തി ഡെൻമാർക്ക് അതിന് മുകളിൽ മുന്നേറിയാലും വലിയ അത്ഭുതമാവില്ല. എന്തെന്നാൽ അത്ര നല്ല ഫോമിലാണ് ക്രിസ്റ്റ്യൻ എറിക്സണും സംഘവും. റഷ്യയിൽ ഡാനിഷ് പട എന്താവും ഒരുക്കി വച്ചിരിക്കുന്നെന്ന് കാത്തിരിന്ന് തന്നെ അറിയാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്റ്റോണ്‍മാനെ ഒഴിവാക്കി ഇംഗ്ലണ്ട്, പകരം കീറ്റണ്‍ ജെന്നിംഗ്സ്
Next articleഇംഗ്ലണ്ടിലേക്ക് ഹാസല്‍വുഡ് ഇല്ല