36 വർഷത്തെ കാത്തിരിപ്പവസാനിപ്പിച്ച് പെറു

- Advertisement -

1982 നു ശേഷം അതെ നീണ്ട 36 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പെറു റഷ്യയിൽ പന്തു തട്ടാനൊരുങ്ങുന്നത്. അതും 1986 ലെ ലോകകപ്പിന് പെറുവിന് യോഗ്യത നിരസിച്ച ഗോൾ നേടിയ അർജന്റീന താരം റിക്കാർഡോ ഗാരേസക്കു കീഴിലാണ് പെറുവിന്റെ ലോകകപ്പ് പ്രവേശനം. ലാറ്റിനമേരിക്കയിലെ ക്ലബ് ഫുട്ബോളിന് ശേഷമാണ് 60 കാരൻ ഗാരേസ 2015 ൽ പെറു പരിശീലകനാകുന്നത്. അതിന് ശേഷം പെറു പരാജയം എന്തെന്ന് അറിഞ്ഞിട്ടില്ല. യോഗ്യത മത്സരങ്ങളിൽ മികച്ച പ്രകടനം. പുറത്തെടുത്ത അവർ ഇതിനിടയിൽ ഉറുഗ്വയെ തോൽപ്പിക്കുകയും അർജന്റീനയെ രണ്ട് തവണ സമനില പിടിക്കുകയും ചെയ്തു. ലാറ്റിനമേരിക്കയുടെ മനോഹരശൈലിക്കൊപ്പം കഠിനാധ്വാനത്തിനും പ്രാധാന്യം കൊടുത്താണ് ഗാരേസോ ടീമിനെ ഒരുക്കുന്നത്. 36 വർഷത്തെ കാത്തിരിപ്പിനൊടുവിലെ ലോകകപ്പ് പ്രവേശനത്തിൽ ആരാധകരും വലിയ ആവേശത്തിലാണ്.

ഇത് അഞ്ചാമത്തെ ലോകകപ്പാണ് പെറുവിന്. 1970 തിൽ ക്വാട്ടർ പ്രവേശനം ആവർത്തിക്കാനൊരുങ്ങുന്ന അവർ ലാറ്റിനമേരിക്കൻ യോഗ്യതയിൽ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയെ പിന്തള്ളി അഞ്ചാമതെത്തി. തുടർന്ന് രണ്ട് പാദങ്ങളിലായി നടന്ന പ്ലേ ഓഫിൽ ന്യൂസിലാന്റിനെ 2-0 ത്തിന് ജയിച്ചാണവർ റഷ്യക്ക് ടിക്കറ്റെടുക്കുന്നത്. വലിയ സൂപ്പർ താരങ്ങളില്ലങ്കിലും കഠിനമായി അധ്വാനിക്കുന്ന പെറുവിന്റെ മികവിന്റെ ഉദാഹരണമാണ് അവരുടെ ഫിഫ റാങ്കിങ്ങിലെ ഉയർന്ന നേട്ടം. ഗ്രൂപ്പ് സിയിൽ ഫ്രാൻസ്, ഡെൻമാർക്ക്, ഓസ്ട്രേലിയ എന്നിവർക്കൊപ്പം പന്ത് തട്ടാനൊരുങ്ങുന്ന പെറുവിന്റെ ലക്ഷ്യം ഗ്രൂപ്പിലെ രണ്ടാം സ്ഥാനം തന്നെയാകും.

ടീമിലെ പ്രധാനതാരവും നായകനുമായ ബ്രസീൽ ക്ലബ് ഫ്ലാമെൻഗോ താരം പോലോ ഗുറേറോക്ക് മയക്ക് മരുന്നുപയോഗത്തെ തുടർന്ന് വിലക്ക് നേരിടുന്നത് പെറുവിന് വലിയ തിരിച്ചടി. എന്നാൽ താൻ മയക്കുമരുന്നുപയോഗിച്ചില്ലെന്നും ചായയിലൂടെയോ മറ്റോ ശരീരത്തിലെത്തിയതാവും എന്ന വാദവുമായി കോടതിയിൽ പോയ ഗുറേറോ ലോകകപ്പിനുണ്ടാവണം എന്ന് തന്നെയാണ് പെറു ആരാധകരുടെ പ്രാർത്ഥന. മുന്നേറ്റത്തിൽ ഗുറേറോ ഇല്ലാത്ത പെറു അത്ര ശക്തമല്ല എന്നതാണ് സത്യം. മെക്സിക്കൻ ലീഗിലാണ് പെറുവിന്റെ പ്രധാന താരങ്ങളിലധികവും കളിക്കുന്നത്. ഗോൾ കീപ്പർ പെഡ്രോ ഗാല്ലെസ്, പ്രതിരോധനിര താരം ലൂയിസ് അഡ്വിക്യുള, മധ്യനിര താരം പെഡ്രോ അക്യുനോ, മുന്നേറ്റനിര താരങ്ങളായ റൗൾ റുയിഡിയാസ്, ആന്റി പോളോ എന്നിവർ വിവിധ മെക്സിക്കൻ ക്ലബുകളിൽ കളിക്കുന്നു. ചെറിയ പരിക്കേറ്റങ്കിലും അതിൽ നിന്ന് മോചിതനായി വന്ന വെരാക്രൂസ് താരം പെഡ്രോ ഗാല്ലെസ് തന്നെയാവും പെറു വല റഷ്യയിൽ കാക്കുക. 

പരിചയ സമ്പന്നരായ ആൽബെർട്ടോ റോഡ്രിഗസ്, ബ്രസീൽ ക്ലബ് ഫ്ലാമെൻഗോ താരം മിഗ്വുൽ ട്രാവുകോ, ക്രിസ്റ്റ്യൻ റാമോസ് എന്നിവരാണ് പ്രധാന പ്രതിരോധനിര താരങ്ങൾ. കഠിനാധ്വാനികളാണ് പെറു പ്രതിരോധം. മധ്യനിരയിൽ ബ്രസീൽ ക്ലബ് സാവോ പോളോയുടെ 26 കാരൻ ക്രിസ്റ്റ്യൻ ക്യുയേവയാണ് പെറുവിന്റെ പ്രധാനതാരം. ക്യുയേവയാവും പെറുവിന്റെ ഭാവി നിർണ്ണയിക്കുക. ഒപ്പം ഗ്രനാഡയുടെ സെർജിയോ പെന, ശ്രദ്ധിക്കേണ്ട താരങ്ങളിലൊരാളായ ഫെയർനൂദ് താരം റെനാറ്റ താപ്പിയ എന്നിവരും പ്രധാന മധ്യനിര താരങ്ങളാണ്. ഒപ്പം ഒർലാന്റോ സിറ്റിയുടെ യോഷിമർ യോട്ടൻ എഡിസൺ ഫ്ലോറസ് എന്നിവരുമുണ്ട്.

ഡെന്മാർക്ക് ലീഗിൽ കളിക്കുന്ന ഫ്ലോറസിന്റെ അറിവ് ടീമിന് വലിയ മുതൽക്കൂട്ടാവും. മുന്നേറ്റത്തിൽ ഗുയേരെരോയുടെ അഭാവത്തിൽ മുൻ ഷാൽക്ക താരം ജെഫേർസൺ ഫർഫാനാകും പ്രധാന ചുമതല. നല്ല കാലം കഴിഞ്ഞെങ്കിലും റഷ്യൻ ചാമ്പ്യന്മാരായ ലോകോമോട്ടീവ് താരമായ ഫർഫാന്റെ റഷ്യയിലെ പരിചയം പെറുവിന് വലിയ മുതൽക്കൂട്ടാകും. ഒപ്പം മൊനരകാസ് താരം റൗൾ റുയിഡിയാസും ടീമിലുണ്ട്. എന്നാൽ പ്രതിഭക്ക് ഒത്ത പ്രകടനം നടത്തുന്നില്ലെന്ന് വിമർശനം കേൾക്കുന്ന വാട്‌ഫോർഡ്‌ താരം ആന്ദ്ര കാരില്ലോ ആവും പെറുവിന്റെ പ്രധാന വജ്രായുധം. വേഗവും ഡ്രിബിളിങ് മികവും കൈമുതലുള്ള കാരില്ലോക്ക് തന്റെ പ്രതിഭ തെളിയിക്കാനുള്ള വലിയ അവസരമാണ് റഷ്യ എന്നുറപ്പാണ്.

ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനം തന്നെയാവും ഗാരേസയുടേതും സംഘത്തിന്റേതും ആദ്യ ലക്ഷ്യം. ആ ലക്ഷ്യം കൈവരിക്കാനുള്ള മികവിനേക്കാൾ എന്തിനും തയ്യാറാണെന്ന കഠിനാധ്വാനികളായ സംഘമാണ് പെറുവിന്റെ ഏറ്റവും വലിയ ശക്തി. രണ്ടാം റൗണ്ട് പ്രവേശനമെന്നത് പെറുവിന് അത്ര വലിയ ബാലികേലാമലയൊന്നുമല്ല എന്നതാണ് സത്യം. റഷ്യയിൽ 36 വർഷങ്ങൾക്ക് ശേഷം ലഭിച്ച ലോകകപ്പവസരം മികച്ച ഫുട്ബോളുമായി വലിയൊരു അനുഭവമാക്കാനാവും പെറു ശ്രമം. റിസൾട്ട് എന്തായാലും ആഘോഷിക്കാൻ തന്നെയാവും പെറു ആരാധകരും റഷ്യയിലെത്തുക

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement