റഷ്യ കാണാൻ വന്നവരോ ഓസ്ട്രേലിയ?

- Advertisement -

ലോകകപ്പിൽ വെറും സന്ദർശകരായി മടങ്ങാനാവുമോ ഇത്തവണയും ഓസ്ട്രേലിയയുടെ വിധി എന്നതാണ് ചോദ്യം. എന്നാൽ അഞ്ചാമത്തെ ലോകകപ്പിന്, തുടർച്ചയായ നാലാം ലോകകപ്പിനെത്തുന്ന ഓസീസ് റഷ്യയിലെത്താൻ താണ്ടിയത് വലിയ ദൂരങ്ങളായതിനാൽ അവരെ വെറുതെ എഴുതി തള്ളുക മണ്ടത്തരമാവും. ലോകകപ്പ് യോഗ്യതക്കായി 22 കളികളാണ് ഓസ്ട്രേലിയ കളിച്ചത്. ചരിത്രത്തിൽ ഇന്നേ വരെ ഒരു ടീമും ഇത്രയും കളികൾ ലോകകപ്പ് യോഗ്യതക്കായി കളിച്ചില്ല എന്നതാണ്. യോഗ്യത മത്സരങ്ങളിൽ വെറും 2 തോൽവികളെ വഴങ്ങിയിട്ടുള്ളതെങ്കിലും ഏഷ്യയിൽ ഗ്രൂപ്പ് ബിയിൽ ജപ്പാനും സൗദിക്കും പിറകിൽ മൂന്നാമതാവാനായിരുന്നു ഓസ്ട്രേലിയയുടെ വിധി. ഈ പ്രകടനത്തിന് കാരണം പരിശീലകൻ ആഗെ പൊറ്റെകോഗ്ലോവിന്റെ പുതിയ പരീക്ഷണങ്ങളാണെന്ന ആരോപണമുയർന്നു. പിന്നീട് സിറിയ, ഹോണ്ടുറാസ് ടീമുകൾക്കെതിരായ പ്ലേ ഓഫ് ജയങ്ങളിലൂടെ ഓസ്ട്രേലിയ റഷ്യയിലേക്ക് ടിക്കറ്റെടുത്തെങ്കിലും ആരോപണങ്ങളുടെ പുറത്ത് പരിശീലകൻ സ്ഥാനമൊഴിയുകയാണുണ്ടായത്. അതിന് ശേഷം സൗദിയെ ലോകകപ്പിലെത്തിച്ച മുൻ ഡച്ച് പരിശീലകൻ ബെർട്ട് വാൻവിജ്ക് ടീമിന്റെ സ്ഥാനമേറ്റടുത്തു. 2010 ൽ സ്വന്തം നാട്ടുകാരെ ലോകകപ്പ് ഫൈനലിലെത്തിച്ച വാൻവിജ്കിൽ ഓസ്ട്രേലിയക്ക് നല്ല പ്രതീക്ഷകളാണ് ഉള്ളത്.

എങ്കിലും 2014 നു പിറകെ നിർഭാഗ്യകരമായ ഗ്രൂപ്പിലാണ് ഓസ്ട്രേലിയ. ഗ്രൂപ്പ് സിയിൽ ഫ്രാൻസ്, ഡെന്മാർക്ക്, പെറു ടീമുകൾക്കൊപ്പം പെട്ട 2015 ലെ ഏഷ്യൻ ചാമ്പ്യന്മാരെ കാത്തിരിക്കുക 2014 ലോകകപ്പിലേയും കോൺഫഡറേഷൻ കപ്പ് ലേയും ആദ്യ റൗണ്ട് പുറത്താകൽ തന്നെയാവാനാണ് സാധ്യത. എന്നാൽ ഒരു ജയവുമില്ലാതെയുള്ള പുറത്താകൽ ഒഴിവാക്കാനാവും ഓസ്ട്രേലിയ ശ്രമിക്കുക. ഒട്ടുമിക്ക ഓസ്ട്രേലിയൻ താരങ്ങളുടേതും അവസാന ലോകകപ്പായതിനാൽ സകല കഴിവും പുറത്തെടുത്ത് പൊരുതാനാവും ഓസീസ് ശ്രമം. 2006 ലോകകപ്പിലെ രണ്ടാം റൗണ്ട് പ്രവേശനമാണ് വലിയ നേട്ടം. അന്ന് ഇറ്റലിക്കെതിരെ വിവാദ പെനാൾട്ടിയിലൂടെയാണ് ഓസ്ട്രേലിയ പുറത്താകുന്നത്.

പരിചയസമ്പത്താണ് ഓസ്ട്രേലിയയുടെ കരുത്ത്. കാലം കഴിഞ്ഞെന്ന് പലരും വിലയിരുത്തുന്ന ഇതിഹാസതാരം ടിം കാഹിലിനെ ടീമിലുൾപ്പെടുത്തിയതിൽ വിവാദങ്ങൾ. എന്നാൽ ലോകകപ്പിൽ ഓസ്ട്രേലിയ അടിച്ച 11 ൽ 5 എണ്ണവും അടിച്ച കാഹിൽ പ്ലേ ഓഫിൽ സിറിയക്കെതിരെ അധിക സമയത്ത് ഗോളടിച്ച്‌ തന്റെ മൂല്യം തെളിയിച്ചു. വിമർശകർക്ക് ലോകകപ്പിൽ ചുട്ടമറുപടി നാലാം ലോകകപ്പിനിറങ്ങുന്ന 38 കാരനായ മുൻ മിൽവാൽ താരത്തിൽ നിന്നുണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഫെയർനൂദിന്റെ ബ്രാഡ് ജോൺസ്, ജെങ്കിന്റെ ഡാനി വുകോവിച്ച്‌ സീസണിൽ പ്രീമിയർ ലീഗിൽ ബ്രൈറ്റനായി മികച്ച പ്രകടനം നടത്തിയ മാറ്റ് റയാൻ എന്നിവരാണ് ഓസ്ട്രേലിയയുടെ ഗോൾ കീപ്പറുമാർ. മികച്ച ഫോം മാറ്റ് റയാനെ ആദ്യ പതിനൊന്നിലെത്തിക്കുമെന്നാണ് സൂചന.

പ്രതിരോധത്തിലൂന്നിയ ശൈലിക്കുടമയാണ് വാൻവിജ്ക്. ഒപ്പം കരുത്തരായ എതിരാളികളും അവരെ പ്രതിരോധത്തിലൂന്നി കളിക്കാൻ നിർബന്ധിതരാക്കും. മിൽവാലിന്റെ ജെയിംസ് മെരെഡിത്ത്, അസിസ് ബെഹിച്ച്, മാത്യു ജർമൻ, ഫ്രാൻ കരാസിച്ച് എന്നിവരാണ് ഓസ്ട്രേലിയയുടെ പ്രതിരോധത്തിലിറങ്ങുക. പരിചയസമ്പന്നരാണ് ഈ നിര. മധ്യനിരയിൽ ആസ്റ്റൻ വില്ലയുടെ 33 കാരൻ മിലെ യെഡിനക്കാണ് ഓസ്ട്രേലിയയുടെ പ്രധാനതാരം. പ്ലേ ഓഫിൽ ഹോണ്ടുറാസിനെതിരായ ജെഡിനാക്കിന്റെ ഹാട്രിക്കാണ് ഓസ്ട്രേലിയക്ക് റഷ്യയിലേക്ക്‌ ടിക്കറ്റ് നൽകിയത്. അതിനാൽ തന്നെ യെഡിനാക്കിന്റെ പ്രകടനം ടീമിന് അതീവ പ്രാധാന്യം. മുൻ മാഞ്ചസ്റ്റർ സിറ്റി താരവും ഹഡർഫീൾഡ് താരവുമായ യുവതാരം ടോം മോയിയാണ് ഓസ്ട്രേലിയയുടെ മറ്റൊരു പ്രതീക്ഷ സീസണിൽ ഹഡർഫീൾഡിനായി മികച്ച പ്രകടനം പുറത്തെടുത്ത മോയിയുടെ ക്രിയാത്മകത ഓസ്ട്രേലിയയുടെ മുന്നേറ്റത്തിന് നിർണ്ണായകമാണ്.

കെൽറ്റിക്കിന്റെ ടോം റോജിക് ഹൾ സിറ്റിയുടെ ജാക്സൺ ഇർവിൻ മെൽബൺ സിറ്റിയുടെ ഡാനിയൽ അർസാനി എന്നിവർക്കൊപ്പം പരിചയസമ്പന്നരായ റോബി ക്രൂസ്, മാക്ക് മില്ലിഗൺ, .ജെയിമ്സ് ട്രോസി എന്നിവരും മധ്യനിരക്ക്‌ കരുത്താണ്. സീസണിൽ ബുണ്ടസ് ലീഗ ക്ലബ് ഹെർത്ത ബെർലിനായി മികച്ച കളി പുറത്തെടുക്കുന്ന മാത്യു ലെക്കിയാണ് മുന്നേറ്റത്തിലെ ഓസ്ട്രേലിയൻ പ്രതീക്ഷ. ലെക്കിയുടെ ഗോളടി മികവാവും ഓസ്ട്രേലിയയുടെ വിധി എഴുതുക. ഒപ്പം പകരക്കാരനായോ ആദ്യ പതിനൊന്നിൽ തന്നെയോ ടിം കാഹിലോ ഇറങ്ങും. ഇപ്പോൾ ചാമ്പ്യൻഷിപ്പിൽ മിൽവാൽ താരമായ കാഹിലിന് പലരുടേയും വായ അടപ്പിക്കാനുള്ള അവസരമാണ് റഷ്യ. ഇനിയൊരു ബാല്യം കാഹിലിൽ അവശേഷിക്കുന്നോ എന്ന് നമുക്ക് കാത്തിരിന്ന്‌ തന്നെ അറിയാം.

ഗ്രൂപ്പ് സിയിൽ നിന്ന് ഓസ്ട്രേലിയ രണ്ടാം റൗണ്ടിലെത്തുക എന്നത് വളരെ വിരളമാണ് എന്നതാണ് സത്യം. പരിശീലകനിലുണ്ടായ മാറ്റവും താരതമ്യേനെ പ്രായം കൂടിയ ടീമും റഷ്യയിൽ ഓസ്ട്രേലിയക്ക് സഹായകമാണോ അല്ല തിരിച്ചടിയാവുമോ എന്ന് റഷ്യ തന്നെയാണ് ഉത്തരം നൽകേണ്ടത്. ഇത്തവണയും തുടർന്ന നിർഭാഗ്യം തന്നെയാണ് ഓസ്ട്രേലിയ നേരിടുന്ന വലിയ പ്രശ്നം. എങ്കിലും ഒരു മാരത്തോണിലൂടെ നേടിയ ലോകകപ്പ് പ്രവേശനം വെറുതെ ആവാതിരിക്കാനുള്ള എല്ലാ ശ്രമവും ഓസ്ട്രേലിയ റഷ്യയിൽ നടത്തുമെന്നുറപ്പാണ്. തന്റെ അവസാന ലോകകപ്പിൽ ടിം കാഹിലും ടീമും എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് കാണാൻ നമുക്ക് കാത്തിരിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement