ഇന്ത്യക്കാർ സ്പെയിനിനെയോ, ഇംഗ്ലണ്ടിനെയോ, ജർമ്മനിയെ പിന്തുണക്കാൻ പാടില്ലെന്നുണ്ടോ? – ഫിഫ പ്രസിഡന്റ്

20221120 062759

ഖത്തർ പണം കൊടുത്ത് ആണ് കാണികളെ ഇറക്കിയിരിക്കുന്നത് എന്ന യൂറോപ്യൻ വിമർശനങ്ങളോട് കടുത്ത ഭാഷയിൽ പ്രതികരിച്ചു ഫിഫ പ്രസിഡന്റ് ഇൻഫന്റിനോ. യൂറോപ്പിന്റെ ഇരട്ടത്താപ്പ് നയത്തെ തുറന്ന് എതിർത്ത അദ്ദേഹം യൂറോപ്പ് ലോകത്തോട് 3000 വർഷം ചെയ്ത ക്രൂരതകൾക്ക് മാപ്പ് പറഞ്ഞ ശേഷം മറ്റുള്ളവരെ പഠിപ്പിക്കാൻ ഇറങ്ങിയാൽ മതി എന്നും പറഞ്ഞിരുന്നു. ഇതേ പത്രസമ്മേളനത്തിൽ ആണ് അദ്ദേഹം ഖത്തർ പണം കൊടുത്ത് ആരാധകരെ ഇറക്കി എന്ന ആരോപണത്തോടും പ്രതികരിച്ചത്.

കാഴ്ചയിൽ ഇന്ത്യക്കാർ എന്നു തോന്നുന്നു ഒരാൾക്ക് സ്പെയിനിനെയോ, ഇംഗ്ലണ്ടിനെയോ, ജർമ്മനിയെ പിന്തുണക്കാൻ പാടില്ലെന്നുണ്ടോ എന്നു തുറന്ന് ചോദിച്ച അദ്ദേഹം ആർക്കു ആരെ വേണമെങ്കിലും പിന്തുണക്കാൻ സ്വാതന്ത്ര്യം ഉണ്ട് എന്നും കൂട്ടിച്ചേർത്തു. ഇങ്ങനെ പാടില്ല എന്ന് പറയുന്നവർ തുറന്ന വംശീയത ആണ് പറയുന്നത് എന്നു പറയാനും അദ്ദേഹം മടിച്ചില്ല. പുറത്തേക്ക് നോക്കൂ ആളുകൾ ഖത്തറിൽ സന്തുഷ്ടർ ആണ് ആരാധകർ ആഘോഷത്തിൽ ആണ് ഖത്തറിൽ 2016 നു ശേഷം ഉണ്ടായ നല്ല മാറ്റങ്ങൾ ആർക്കും കാണണ്ടെന്നും അദ്ദേഹം പറഞ്ഞു.

മദ്യം ഖത്തറിൽ ലഭ്യമാണ് കളിയുള്ള മൂന്നു മണിക്കൂർ ബിയർ കുടിച്ചില്ലെന്നു കരുതി ആരും മരിച്ചു പോവില്ലെന്നും മുൻ ലോകകപ്പുകളിൽ പലതിലും മദ്യം സ്റ്റേഡിയത്തിൽ അനുവദിച്ചില്ല എന്നും അദ്ദേഹം ഓർമിപ്പിച്ചു. ഖത്തർ ഒരു ഇസ്‌ലാമിക രാജ്യം ആയത് കൊണ്ട് ആണ് ഇതൊരു വാർത്ത ആവുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് തനിക്ക് ഒരുപാട് സന്തോഷം ഉണ്ടെന്നു പറഞ്ഞ അദ്ദേഹം തനിക്ക് ഇന്ന് ഒരു ഖത്താറിയെപ്പോലെ, അറബിയെപ്പോലെ, ആഫ്രിക്കനെപ്പോലെ, സ്വവർഗ അനുരാഗിയെ പോലെ, ശാരീരിക വിഷമം ഉള്ള ഒരാളെപ്പോലെ, ഒരു കുടിയേറ്റ തൊഴിലാളിയെ പോലെ അഭിമാനവും സന്തോഷവും ഉണ്ടെന്നും കൂട്ടിച്ചേർത്തു.