Site icon Fanport

വെംബ്ലിയിൽ ഇന്ന് കിരീട പോരാട്ടം, എഫ് എ കപ്പ് കിരീടം തേടി ആഴ്സണലും ചെൽസിയും

ഇംഗ്ലണ്ടിൽ ഇന്ന് നിർണായക പോരാട്ടമാണ്. വെംബ്ലിയിൽ വെച്ച് നടക്കുന്ന എഫ് എ കപ്പ് ഫൈനലിൽ ആഴ്സണലും ചെൽസിയുമാണ് നേർക്കുനേർ വരുന്നത്. എഫ് എ കപ്പിൽ എന്നും മികച്ച റെക്കോർഡുകൾ കാത്തു സൂക്ഷിക്കുന്ന ആഴ്സണലിന് ഇന്നത്തെ ഫൈനൽ അതി നിർണായകമാണ്. ഈ സീസൺ പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വന്ന ആഴ്സണലിന് ഒരു കിരീടം എങ്കിലും നേടിയാൽ മാത്രമെ സീസണിൽ ആശ്വസിക്കാൻ ഉള്ള വക ലഭിക്കുകയുള്ളൂ.

മാത്രമല്ല യൂറോപ്പ ലീഗ് യോഗ്യത ലഭിക്കണം എങ്കിലും അവർക്ക് ഇന്ന് കിരീടം നേടേണ്ടതുണ്ട്. അർട്ടേറ്റയ്ക്ക് കീഴിൽ വലിയ പുരോഗമനം തന്നെ ആഴ്സണൽ അവസാന മാസങ്ങളിൽ സ്വന്തമാക്കിയിട്ടുണ്ട്. അതിന് അടിവര ഇടാൻ കിരീടം സഹായിക്കും. ചെൽസിക്ക് ഈ സീസൺ ഇതിനകം തന്നെ മികച്ചതാണ്. ലമ്പാർഡിന്റെ കീഴിൽ മനോഹര ഫുട്ബോൾ കാഴ്ചവെച്ച ചെൽസി ചാമ്പ്യൻസ് ലീഗ് യോഗ്യത ഇതിനകം തന്നെ ഉറപ്പിച്ചിട്ടുണ്ട്‌.

എങ്കിലും കിരീടത്തിൽ കുറഞ്ഞതൊന്നും ചെൽസി ഇന്ന് ആഗ്രഹിക്കുന്നുണ്ടാകില്ല. ഗംഭീര ഫോമിലാണ് ലമ്പാർഡിന്റെ ടീം ഉള്ളത്. സെമി ഫൈനലിൽ മികച്ച ഫോമിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി ആണ് ചെൽസി ഫൈനലിലേക്ക് കടന്നത്. സിറ്റിയെ പരാജയപ്പെടുത്തിയാണ് ആഴ്സണൽ ഫൈനലിൽ എത്തിയത്. ആഴ്സണൽ അവരുടെ 14ആം എഫ് എ കപ്പ് കിരീടമാകും ലക്ഷ്യമിടുന്നത്. ഏറ്റവും കൂടുതൽ എഫ് എ കപ്പ് നേടിയിട്ടുള്ള ക്ലബാണ് ആഴ്സണൽ. ചെൽസി ഇന്ന് ജയിക്കുക ആണെങ്കിൽ അത് അവരുടെ ഒമ്പതാം കിരീടമാകും. രാത്രി 10 മണിക്ക് നടക്കുന്ന മത്സരം സോണി നെറ്റ്വർക്കിൽ തത്സമയം കാണാം.

Exit mobile version