Site icon Fanport

എഫ്‌.എ കപ്പിൽ നിന്ന് നോർവിച്ചിനോട് പെനാൽട്ടിയിൽ തോറ്റ് ടോട്ടൻഹാം പുറത്ത്

എഫ്.എ കപ്പിൽ നിന്ന് ടോട്ടൻഹാം ഹോട്‌സ്പർ പുറത്ത്. പെനാൽട്ടി ഷൂട്ട് ഔട്ടിലൂടെ പ്രീമിയർ ലീഗിലെ അവസാനക്കാർ ആയ നോർവിച്ച് സിറ്റിയാണ് മൗറീന്യോയുടെ ടീമിനെ ഞെട്ടിച്ചത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ 13 മത്തെ മിനിറ്റിൽ വെർത്തോങനിലൂടെ ടോട്ടൻഹാം ആണ് മത്സരത്തിൽ മുന്നിലെത്തിയത്. ലെ സെൽസോയുടെ ക്രോസിൽ ഹെഡറിലൂടെ ആയിരുന്നു ഗോൾ പിറന്നത്. തുടർന്ന് ടോട്ടൻഹാമിനോട് ഏതാണ്ട് എല്ലാ വിധവും പിടിച്ചു നിന്ന് പൊരുതുന്ന നോർവിച്ചിനെ ആണ് മത്സരത്തിൽ കണ്ടത്. ഇതിന്റെ ഫലമായി 78 മിനിറ്റിൽ ജോസിപ് ഡ്രിമിച്ചിന്റെ ഗോളിൽ നോർവിച്ച് സമനില പിടിച്ചു.

തുടർന്ന് 90 മിനിറ്റിലും അധികസമയത്തും ഗോൾ വരാതിരുന്നതോട് കൂടെ മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് നീണ്ടു. ആദ്യ പെനാൽട്ടി എറിക് ഡെയർ ലക്ഷ്യം കണ്ടു. നോർവിച്ചിന്റെ കെന്നി മക്ളീന്റെ പെനാൽട്ടി ടോട്ടൻഹാം കീപ്പർ രക്ഷിച്ചു എങ്കിലും തുടർന്ന് പെനാൽട്ടി എടുത്ത ലമേലയുടെ പെനാൽട്ടി ബാറിൽ തട്ടി മടങ്ങി. തുടർന്ന് ട്രോയി പരോറ്റിന്റെയും ഗഡ്‌സൻ ഫെർണാണ്ടസിന്റെയും പെനാൽട്ടി രക്ഷിച്ച ടിം ക്രൂൽ നോർവിച്ച് സിറ്റിയെ അവസാന എട്ടിൽ എത്തിച്ചു. മത്സരശേഷം ആരാധകനും ആയി എറിക് ഡെയർ കൊമ്പ് കോർത്തതും മത്സരശേഷം കാണാൻ ആയി. കഴിഞ്ഞ 12 വർഷമായി കിരീടം നേടാൻ ആവാത്ത ടോട്ടൻഹാമിനു ഇത് വലിയ നിരാശ ആവും സമ്മാനിച്ചത്.

Exit mobile version