പോളണ്ടിനെ കുറിച്ച് മിണ്ടാം!! ഇന്ന് യൂറോപ്പ ലീഗ് ഫൈനൽ, കിരീടം തേടി മാഞ്ചസ്റ്റർ യുണൈറ്റഡും വിയ്യറയലും

Images (1)
- Advertisement -

പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്നത് പഴയ വാക്യം, ഇന്ന് ഫുട്ബോൾ പ്രേമികൾ മുഴുവൻ പോളണ്ടിൽ നടക്കുന്ന മത്സരത്തെ കുറിച്ചാണ് മിണ്ടുന്നത്.
ഇന്ന് യൂറോപ്യൻ ഫുട്ബോളിൽ ഒരു വലിയ ഫൈനൽ നടക്കുകയാണ്. യൂറോപ്പ ലീഗിൽ കിരീടം തേടി മാഞ്ചസ്റ്റർ യുണൈറ്റഡും വിയ്യറയലും നേർക്കുനേർ വരും. മൗറീനോക്ക് കീഴിൽ 2017ൽ യൂറോപ്പ ലീഗ് കിരീടം നേടിയ ശേഷം ഒരു കിരീടം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായിട്ടില്ല. അതുകൊണ്ട് തന്നെ കിരീടം മാത്രമാകും ഇന്ന് യുണൈറ്റഡിന്റെ ലക്ഷ്യം.

ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ കീഴിൽ യുണൈറ്റഡിന്റെ ആദ്യ ഫൈനലാണിത്. സെമിയിൽ റോമയെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനലിൽ എത്തിയത്. ആഴ്സണലിനെ മറികടന്നാണ് വിയ്യറയൽ ഫൈനലിൽ എത്തിയത്. വിയ്യറയൽ ക്ലബിന്റെ ചരിത്രത്തിലെ ആദ്യ യൂറോപ്യൻ ഫൈനലാണിത്. മുമ്പ് മൂന്ന് തവണ യൂറോപ്പ ലീഗ് കിരീടം നേടിയ പരിചയ സമ്പത്തുള്ള ഉനായ് എമിറെ എന്ന പരിശീലകൻ ആണ് വിയ്യറയലിന്റെ കരുത്ത്.

വിയ്യറയലിന്റെ സമീപ കാലത്തെ ഫോമും മികച്ചതാണ്. ലീഗിലെ അവസാന മത്സരം വിജയിച്ചു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സമീപകാലത്തെ ഫോം അത്ര നല്ലതല്ല. ക്യാപ്റ്റൻ ഹാറ്റി മഗ്വയർ കളിക്കാൻ സാധ്യത ഇല്ലാത്തത് യുണൈറ്റഡിന് ആശങ്ക നൽകുന്നുണ്ട്. മഗ്വയർ ഇല്ല എങ്കിൽ യുണൈറ്റഡ് ഡിഫൻസ് തന്നെ ആകും യുണൈറ്റഡിന് പ്രധാന പ്രശ്നമാകുന്നതും. എറിക് ബയിയും ലിൻഡെലോഫും സെന്റർ ബാക്കായി ഇറങ്ങാൻ ആണ് സാധ്യത.

മാർഷ്യലും മഗ്വയറും ഒഴികെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബാക്കി പ്രധാന താരങ്ങളെല്ലാം ഫൈനലിൽ ഇറങ്ങാൻ സജ്ജരാണ്. കവാനി, റാഷ്ഫോർഡ്, പോഗ്ബ എന്നിവരാകും ഇന്ന് അറ്റാക്കിങ് 3 ആയി ഇറങ്ങാൻ സാധ്യത. ഗ്രീൻവുഡ് ബെഞ്ചിൽ ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇന്ന് കിരീടം നേടാൻ ആയാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒലെയുടെ കീഴിൽ വന്ന പുരോഗതിക്ക് അടിവരയിടാൻ ആകും. ഇന്ന് രാത്രി 12.30നാണ് കിക്കോഫ്. കളി തത്സമയം സോണി ലൈവിൽ കാണാം.

Advertisement