ലീഡ് 520, ഡിക്ലയര്‍ ചെയ്ത് ഇന്ത്യ, ഇംഗ്ലണ്ടിനു ശ്രമകരമായ ദൗത്യം

ഹാര്‍ദ്ദിക് പാണ്ഡ്യ തന്റെ അര്‍ദ്ധ ശതകം തികച്ച ശേഷം ഡിക്ലറേഷന്‍ നടത്തി ഇന്ത്യ. വിരാട് കോഹ്‍ലിയുടെ ശതകത്തിന്റെ ബലത്തില്‍ മൂന്നാം ദിവസം അവസാനിക്കുവാന്‍ 9 ഓവറുകള്‍ അവശേഷിക്കെയാണ് ഇന്ത്യയുടെ ഡിക്ലറേഷന്‍. 352/7 എന്ന നിലയില്‍ 520 റണ്‍സ് ലീഡാണ് ഇന്ത്യ നേടിയത്. ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 521 റണ്‍സാണ്. ഏറെക്കുറെ അപ്രാപ്യമായ ഈ ലക്ഷ്യം നേടുവാന്‍ ഇംഗ്ലണ്ടിനു രണ്ട് ദിവസമാണുള്ളത്. മത്സരത്തില്‍ നിന്ന് ഫലം ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.

ഇന്ത്യന്‍ നിരയില്‍ 103 റണ്‍സുമായി വിരാട് കോഹ്‍ലി ടോപ് സ്കോറര്‍ ആയി. 72 റണ്‍സ് നേടിയ ചേതേശ്വര്‍ പുജാരയും പുറത്താകാതെ 52 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് തിളങ്ങിയ മറ്റു താരങ്ങള്‍. ശിഖര്‍ ധവാന്‍ (44), ലോകേഷ് രാഹുല്‍(36) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. ഇം്ലണ്ടിനായി ആദില്‍ റഷീദ് മൂന്നും ബെന്‍ സ്റ്റോക്സ് രണ്ടും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 23/0 എന്ന നിലയിലാണ്. 9 ഓവറുകളാണ് ടീം നേരിട്ടത്. കീറ്റണ്‍ ജെന്നിംഗ്സ് 13 റണ്‍സും അലിസ്റ്റര്‍ കുക്ക് 9 റണ്‍സും നേടിയിട്ടുണ്ട്. 498 റണ്‍സ് കൂടി ഇംഗ്ലണ്ട് ജയത്തിനായി നേടേണ്ടതുണ്ട്.

Exit mobile version