
ജെയിംസ് ആന്‍ഡേഴ്സണും ക്രിസ് വോക്സും തീപ്പാറുന്ന ബൗളിംഗ് പ്രകടനം കാഴ്ചവെച്ചപ്പോള്‍ അഡിലെയിഡില്‍ ഓസ്ട്രേലിയയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ഇന്നിംഗിസിൽ ഓസ്ട്രേലിയ 138 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ഇംഗ്ലണ്ടിനു ജയിക്കാൻ 354 റണ്‍സ് വേണം.
ഇംഗ്ലണ്ടിനെ ആദ്യ ഇന്നിംഗ്സില്‍ 227 റണ്‍സിനു പുറത്താക്കി ഫോളോ ഓണ്‍ ചെയ്യാതെ ബാറ്റ് ചെയ്യാനിറങ്ങിയ സ്മിത്തിന്റെ തീരുമാനം പിഴച്ചുവോ എന്ന സംശയം ജനിപ്പിക്കുന്ന ബാറ്റിംഗ് പ്രകടനമാണ് ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാര് പുറത്തെടുത്തത്. 53/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക്-ഷോണ്‍ മാര്‍ഷ് കൂട്ടുകെട്ട് നേടിയ 32 റണ്‍സാണ് ടീം സ്കോര്‍ നൂറ് കടക്കാന്‍ സഹായിച്ചത്.
ജെയിംസ് ആന്ഡേഴ്സണ് ഓസ്ട്രേലിയയിലെ തന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോള്‍ ക്രിസ് വോക്സ് നാല് വിക്കറ്റ് നേടി. മിച്ചല്‍ സ്റ്റാര്‍ക്ക്, ഉസ്മാന് ഖ്വാജ എന്നിവര്‍ 20 റണ്‍സ് നേടി ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍മാരായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial