ഇന്ത്യക്ക് വേണ്ടി ലോകകപ്പ് കളിച്ച അനികേത് ഇനി ഇംഗ്ലീഷ് ക്ലബായ ബ്ലാക്ക് ബേൺ റോവേഴ്സിൽ

അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ആക്രമണ നിര നയിച്ച അനികേത് ജാദവ് ഇംഗ്ലണ്ടിലേക്ക് പോകുന്നു. ഇംഗ്ലീഷ് ക്ലബായ ബ്ലാക്ക് ബേൺ റോവേഴ്സ് ആണ് താരത്തെ ട്രയൽസിനായി ഇംഗ്ലണ്ടിലേക്ക് കൊണ്ടു പോകുന്നത്. മൂന്ന് മാസത്തോളം കാലം ബ്ലാക്ക് ബേണിനൊപ്പം ട്രെയിൻ ചെയ്യാൻ അനികേതിന് അവസരമുണ്ടാകും. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ബ്ലാക്ക് ബേണിൽ പരിശീലനത്തിന് പോകുന്നത്.

ഇപ്പോൾ ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷനായ ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ക്ലബാണ് ബ്ലാക്ക് ബേൺ റോവേഴ്സ്. ഇന്ത്യൻ ഉടമകളാണ് ബ്ലാക്ക് ബേണിന് എങ്കിലും ഇതുവരെ ഒരു താരത്തിനും അവിടെ അവസരം ലഭിച്ചിരുന്നില്ല. അനികേത് വലിയ പൊടൻഷ്യൽ ഉള്ള താരമാണെന്നും ഇന്ത്യൻ താരങ്ങൾക്ക് അവസരം നൽകുന്നതിൽ സന്തോഷം മാത്രമേ ഉള്ളൂ എന്നും ബ്ലാക്ക്ബേൺ ഉടമകൾ പറഞ്ഞു.

ഇത്തരം ഒരു വലിയ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട് എന്ന് അനികേതും പറഞ്ഞു. മൂന്ന് മാസത്തെ ട്രെയിനിങ്ങിനു ശേഷം ക്ലബിന് ബോധിക്കുകയാണെങ്കിൽ അനികേതിന് അവിടെ തന്നെ തുടരാം. ഇപ്പോൾ ജംഷദ്പൂർ എഫ് സിയുടെ താരമാണ് അനികേത്.

Exit mobile version