Site icon Fanport

ഇതാണ് തിരിച്ചുവരവ്, ക്രൊയേഷ്യയെ തോൽപ്പിച്ച് ഇംഗ്ലണ്ട് സെമി ഫൈനലിൽ

യുവേഫ നാഷൺസ് ലീഗിൽ ഇംഗ്ലീഷ് നിര ഫൈനൽസിലേക്ക്. വെംബ്ലിയിൽ ഒരു വൻ തിരിച്ചുവരവിലൂടെ ക്രൊയേഷ്യയെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ലീഗ് എ സെമി ഫൈനലിന് യോഗ്യത നേടിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഇന്ന് വിജയിക്കുന്നവർ മാത്രം സെമി ഫൈനലിൽ എത്തും എന്ന അവസ്ഥ ആയിരുന്നു കളിക്കു മുമ്പ് ഉണ്ടായിരുന്ന അവസ്ഥ. കളിയുടെ ആദ്യ പകുതിയിൽ ഗോളൊന്നും പിറന്നില്ല. രണ്ടാം പകുതിയിൽ ക്രാമരിച് ക്രൊയേഷ്യയെ മുന്നിൽ എത്തിച്ചു. ബോക്സിൽ ചടുല നീക്കത്തിലൂടെ ഇംഗ്ലീഷ് ഡിഫൻസിനെ മൊത്തം വട്ടം കറക്കിയ ശേഷമായിരുന്നു ക്രാമരിചിന്റെ ഗോൾ. ക്രൊയേഷ്യ സെമി ലക്ഷ്യമക്കി മുന്നേറുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലിംഗാർഡ് ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകി കൊണ്ട് സമനില കണ്ടെത്തി. 78ആം മിനുട്ടിലായിരുന്നു ലിംഗാർഡിന്റെ ഗോൾ. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ലിംഗാർഡ് ഗോൾ നേടുന്നത്. കളിയുടെ 85ആം മിനുട്ടിൽ ക്യാപ്റ്റൻ ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ വിജയ ഗോളും നേടി. ജയത്തോടെ നാലു മത്സരങ്ങളിൽ ഏഴു പോയന്റുമായി ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഒന്നാമത് എത്തി. ഇന്ന് കളി സമനില ആയിരുന്നു എങ്കിൽ സ്പെയിനായിരുന്നു സെമിയിൽ എത്തുക.

Exit mobile version