സെമി പ്രതീക്ഷ കാത്ത് ഇംഗ്ലണ്ട്, ന്യൂസിലാണ്ടിനെതിരെ 20 റൺസ് വിജയം

ന്യൂസിലാണ്ടിനെതിരെ സൂപ്പര്‍ 12ൽ മികച്ച വിജയം നേടി ഇംഗ്ലണ്ട്. ഇതോടെ ടീമിന്റെ സെമി പ്രതീക്ഷ സജീവമായി നിലനിൽക്കുന്നു. 180 റൺസ് ചേസ് ചെയ്തിറങ്ങിയ ന്യൂസിലാണ്ടിനായി 36 പന്തിൽ നിന്ന് 62 റൺസ് നേടിയ ഗ്ലെന്‍ ഫിലിപ്പ്സ് മാത്രമാണ് തിളങ്ങിയത്. കെയിന്‍ വില്യംസൺ 40 റൺസ് നേടിയെങ്കിലും അതിനായി 40 പന്തുകളാണ് താരം നേരിട്ടത്.

മറ്റാര്‍ക്കും ഫിലിപ്പ്സിന് പിന്തുണയേകുവാന്‍ സാധിക്കാതെ പോയതോടെ മികച്ച വിജയം ഇംഗ്ലണ്ട് സ്വന്തമാക്കി. ന്യൂസിലാണ്ടിന്റെ ഇന്നിംഗ്സ് 159/6 എന്ന നിലയിൽ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 20 റൺസ് വിജയം സ്വന്തമാക്കി.

ഇംഗ്ലണ്ടിനായി ക്രിസ് വോക്സും സാം കറനും രണ്ട് വീതം വിക്കറ്റാണ് നേടിയത്. നേരത്തെ ജോസ് ബട്‍ലര്‍(73), അലക്സ് ഹെയിൽസ്(52) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ട് 179/6 എന്ന സ്കോര്‍ നേടിയത്.

ജയത്തോടെ ഇംഗ്ലണ്ട് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അ‍ഞ്ച് പോയിന്റുള്ള ഓസ്ട്രേലിയയെ മറികടന്നാണ് ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നിരിക്കുന്നത്. തങ്ങളുടെ അവസാന മത്സരത്തിൽ ന്യൂസിലാണ്ട് അയര്‍ലണ്ടിനെയും ഇംഗ്ലണ്ട് ശ്രീലങ്കയെയും നേരിടുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് എതിരാളികള്‍ അഫ്ഗാനിസ്ഥാന്‍ ആണ്.