മുംബൈ സിറ്റിയെ മടക്കികെട്ടി ഈസ്റ്റ് ബംഗാൾ

സൂപ്പർ കപ്പ് പ്രീ ക്വാർട്ടറിൽ മുംബൈ സിറ്റിയെ തകർത്ത് ഈസ്റ്റ് ബംഗാൾ മുന്നേറി. ഭുവനേശ്വറിൽ ഈസ്റ്റ് ബംഗാൾ ആരാധകരെ കൊണ്ട് നിറഞ്ഞ സ്റ്റേഡിയത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചുവന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിക്കുകയായിരുന്നു. സ്കോർ 2-1 എന്നാണെങ്കിലും തികച്ചും ഈസ്റ്റ് ബംഗാൾ ആധിപത്യമായിരുന്നു മത്സരം ഉടനീളം.

22ആം മിനുട്ടിൽ എഡ്സുംബിയുടെ ഗംഭീര ഫ്രീകിക്കായിരുന്നു മുംബൈ സിറ്റിക്ക് ലീഡ് നൽകിയത്. എഡ്സുമ്പിയുടെ ഫ്രീകിക്ക് ഉബൈദിന് തടുക്കാനാവുന്നതിലും മികച്ചതായിരുന്നു. ഒരു ഗോൾ വഴങ്ങിയത് ഈസ്റ്റ് ബംഗാളിനെ ശക്തരാക്കുന്നതാണ് കലിംഗ സ്റ്റേഡിയത്തിൽ കണ്ടത്. 26ആം മിനുട്ടിൽ റാൾട്ടെയുടെ മികച്ച ക്രോസ് അതിലും മികച്ച ഹെഡറിലൂടെ കാട്സുമി യുസ വലയിൽ എത്തിച്ചപ്പോൾ സ്കോർ 1-1.

വിജയ ഗോൾ വീഴാൻ 73ആം മിനുട്ട് വരെ‌ കാത്തിരിക്കേണ്ടി വന്നു ഈസ്റ്റ് ബംഗാളിന്. അൽ ആമ്നയാണ് ഈസ്റ്റ് ബംഗാളിന്റെ വിജയഗോൾ നേടിയത്. മികച്ച ഒരു ഷോട്ട് അമ്രീന്ദർ തടുത്തിട്ടപ്പോൾ റീബൗണ്ടിലൂടെ ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ടായിരുന്നു ആമ്നയുടെ ഗോൾ.

ജയത്തോടെ സൂപ്പർ കപ്പ് ക്വാർട്ടറിൽ എത്തുന്ന നാലാം ഐലീഗ് ടീമായി ഈസ്റ്റ് ബംഗാൾ. ഐസോൾ എഫ് സിയെ ആണ് ഈസ്റ്റ് ബംഗാൾ ക്വാർട്ടറിൽ നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമുന്നില്‍ ഇംഗ്ലണ്ട്, രണ്ടാമത് ഓസ്ട്രേലിയ, ഇന്ത്യയ്ക്ക് ആറാം സ്ഥാനം
Next articleഗട്ടൂസോയുമായുള്ള കരാർ പുതുക്കി എസി മിലാൻ