എഫ്സി ഗോവയെ ഏക ഗോളിനു വീഴ്ത്തി ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍

Photo: AIFF Media
- Advertisement -

78ാം മിനുട്ടില്‍ ഡുഡു നേടിയ ഗോളില്‍ എഫ്സി ഗോവയെ മറികടന്ന് ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍. ജംഷദ്പൂരിനെതിരെയുള്ള ക്വാര്‍ട്ടര്‍ മത്സരം കൈയ്യാങ്കളിയിലും അഞ്ച് പ്രധാന താരങ്ങളെ സസ്പെന്‍ഷന്‍ മൂലവും നഷ്ടമായ എഫ്സി ഗോവയ്ക്കെതിരെ ഒരു ഗോള്‍ മാത്രമേ ഈസ്റ്റ് ബംഗാളിനു നേടാനായുള്ളു. കളിക്ക് പതിനൊന്ന് താരങ്ങളെ കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയാണെന്ന് നേരത്തെ എഫ് സി ഗോവ കോച്ച് പറഞ്ഞിരുന്നു. നാലോളം താരങ്ങള്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ എഫ്സി ഗോവ നിര കളി തുടങ്ങുന്നതിനു മുമ്പ് തന്നെ പിന്നില്‍ പോയ അവസ്ഥയിലായിരുന്നു.

എങ്കിലും മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് പൊരുതി നിക്കാൻ എഫ് സി ഗോവയ്ക്കായി. സബ് ബെഞ്ചിൽ ആകെ രണ്ട് ഔട്ട് ഫീൽഡ് പ്ലയറുമായി ഇറങ്ങിയ ഗോവ ഗോൾകീപ്പർ കട്ടിമണിയുടെ മികവിലാണ് 78ആം മിനുട്ട് വരെ കളിയിൽ ഒപ്പം നിന്നത്. കളിയിലുടനീളം ഗോവ ഡിഫൻസിനെ വിറപ്പിച്ച കട്സുമി യുസ ആയിരുന്നു ഡുഡുവിന്റെ ഗോളിന് വഴിയിരുക്കിയത്. അടുത്തിടെ നിരവധി അവസരങ്ങൾ നഷ്ടമാക്കിയതിന് ഈസ്റ്റ് ബംഗാൾ ആരാധകരുടെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയ ഡുഡുവിന് ഇന്നത്തെ ഗോൾ ആശ്വാസമായി.

ഫൈനലിൽ ബെംഗളൂരു എഫ് സി മോഹൻ ബഗാൻ മത്സരത്തിലെ വിജയികളെ ആകും ഈസ്റ്റ് ബംഗാൾ നേരിടുക. സൂപ്പർ കപ്പിൽ കൊൽക്കത്തൻ ഡെർബി വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement