അഞ്ച് റണ്‍സിനു അഞ്ച് വിക്കറ്റ്, ഡോട്ടിന്റെ ബൗളിംഗില്‍ വിന്‍ഡീസിനു ജയം

ബാറ്റിംഗില്‍ ബംഗ്ലാദേശിനു മുന്നില്‍ പതറിയെങ്കിലും ബൗളര്‍മാരിലൂടെ തിരിച്ചടിച്ച് വിന്‍ഡീസ് വനിതകള്‍. ഡിയാന്‍ഡ്ര ഡോട്ടിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിലാണ് വിന്‍ഡീസിന്റെ മികച്ച ജയം. 60 റണ്‍സിന്റെ വിജയമാണ് ടീം ഇന്ന് സ്വന്തമാക്കിയത്. 14.4 ഓവറില്‍ 46 റണ്‍സിനു ബംഗ്ലാദേശ് ഓള്‍ഔട്ട് ആവുകയായിരുന്നു. 3.4 ഓവറില്‍ നിന്ന് 5 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് ഡോട്ടിന്‍ തന്റെ 5 വിക്കറ്റുകള്‍ വീഴ്ത്തിയത്. ബംഗ്ലാദേശ് നിരയില്‍ 8 റണ്‍സ് നേടിയ ഫര്‍ഗാന ഹോക്ക് ടോപ് സ്കോറര്‍ ആയപ്പോള്‍ എക്സ്ട്രാസ് 7 റണ്‍സുമായി രണ്ടാം സ്ഥാനത്ത് എത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 8 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് മാത്രമാണ് നേടിയത്. വാലറ്റത്തില്‍ കൈസിയ നൈറ്റ് നേടിയ 32 റണ്‍സാണ് ടീമിനെ നൂറ് കടക്കുവാന്‍ സഹായിച്ചത്. നായിക സ്റ്റെഫാനി ടെയിലര്‍ 29 റണ്‍സ് നേടി. ബംഗ്ലാദേശിനായി ജഹ്നാര അലം മൂന്നും റുമാന അഹമ്മദ് രണ്ടും വിക്കറ്റ് നേടി തിളങ്ങി.

Exit mobile version