ജയം ഉറപ്പാക്കി ധോണിയും കേധാറും, ഇന്ത്യയ്ക്ക് ഏകദിന പരമ്പര

മെല്‍ബേണില്‍ ജയിക്കാന്‍ നേടേണ്ടത് 231 റണ്‍സ് മാത്രമായിരുന്നുവെങ്കിലും ഇന്ത്യയ്ക്ക് കാര്യം അത്ര എളുപ്പമായിരുന്നില്ല. 7 വിക്കറ്റിന്റെ ജയം നേടിയെങ്കിലും ഇന്ത്യന്‍ ക്യാമ്പുകളെ സമ്മര്‍ദ്ദത്തിലാക്കിയ ശേഷമുള്ള ജയമായിരുന്നു ഇത്. എംഎസ് ധോണിയുടെയും കേധാര്‍ ജാഥവിന്റെയും അര്‍ദ്ധ ശതകങ്ങളാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റിയത്.

നിര്‍ണ്ണായകമായ 121 റണ്‍സ് നേടി ധോണി-കേധാര്‍ കൂട്ടുകെട്ടാണ് ഇന്ത്യയുടെ ജയം ഉറപ്പാക്കിയത്. രണ്ടാം ഏകദിനത്തെ അപേക്ഷിച്ച് തന്റെ ബാറ്റിംഗ് മികവില്‍ പിന്നോട്ട് പോയ ധോണിയ്ക്ക് കേധാര്‍ ജാഥവ് ക്രീസിലെത്തി വേഗത്തില്‍ സ്കോറിംഗ് നടത്തിയത് തുണയായി മാറി. ഇടയ്ക്ക് ഫിസിയോയുടെ സേവനവും തേടിയാണ് ധോണി ക്രീസില്‍ നിലയുറപ്പിച്ചത്.

അവസാന നാലോവറില്‍ നിന്ന് 33 റണ്‍സ് ജയത്തിനായി വേണ്ടിയിരുന്ന ഇന്ത്യ 4 പന്ത് ബാക്കി നില്‍ക്കെയാണ് വിജയം കുറിച്ചത്. ജൈ റിച്ചാര്‍ഡ്സണ്‍ എറിഞ്ഞ 47ാം ഓവറില്‍ നിന്ന് 6 റണ്‍സ് മാത്രം ഇന്ത്യ നേടിയപ്പോള്‍ ലക്ഷ്യം 3 ഓവറില്‍ 27 റണ്‍സായി മാറി. സ്റ്റോയിനിസ് എറിഞ്ഞ 48ാം ഓവറിന്റെ ആദ്യ പന്തില്‍ ധോണിയുടെ ക്യാച്ച് ഡ്രോപ് ചെയ്യുകയും ആ പന്തില്‍ റണ്ണൗട്ട് ശ്രമവും അതിജീവിച്ച് ഇന്ത്യ രണ്ട് റണ്‍സ് നേടി. അടുത്ത പന്ത് ബൗണ്ടറി കടത്തി ധോണി മത്സരത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി. ശേഷിക്കുന്ന പന്തുകളില്‍ നിന്ന് സിംഗിളുകള്‍ നേടിയ ഇന്ത്യ കേധാര്‍ ജാഥവിലൂടെ അവസാന പന്തില്‍ ബൗണ്ടറി നേടിയപ്പോള്‍ ഓവറില്‍ നിന്ന് 13 റണ്‍സ് സ്വന്തമാക്കി ലക്ഷ്യം രണ്ടോവറില്‍ 14 ആക്കി ചുരുക്കി.

പീറ്റര്‍ സിഡിലിന്റെ അടുത്ത ഓവറി‍ല്‍ 13 റണ്‍സ് നേടി ഇന്ത്യ സ്കോറുകള്‍ ഒപ്പമെത്തിച്ചു. സ്റ്റോയിനിസിന്റെ അവസാന ഓവറിലെ രണ്ടാം പന്തില്‍ ബൗണ്ടറി പായിച്ചാണ് ഇന്ത്യ പരമ്പര ജയം സ്വന്തമാക്കിയത്.

വിരാട് കോഹ്‍ലി 46 റണ്‍സ് നേടി തിളങ്ങി. ധോണി 87 റണ്‍സ് നേടിയപ്പോള്‍ കേധാര്‍ ജാഥവ് 61 റണ്‍സും സ്വന്തമാക്കി ക്രീസില്‍ വിജയ സമയത്ത് നിലയുറപ്പിച്ചു. ഓസീസ് ബൗളര്‍മാരില്‍ ജൈ റിച്ചാര്‍ഡ്സണ്‍ ആയിരുന്നു ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. ഒരു വിക്കറ്റ് മാത്രമാണ് ലഭിച്ചതെങ്കിലും 27 റണ്‍സ് മാത്രമേ താരം വഴങ്ങിയുള്ളു.

Exit mobile version