ഡെന്മാർക്കിൽ നിന്ന് ആശ്വാസ വാർത്ത, എറിക്സന്റെ ആരോഗ്യ നിലയിൽ പുരോഗതി

20210612 224901

ഫുട്ബോൾ ലോകത്തിന് ആശ്വാസമാകുന്ന വാർത്തകൾ ഡെന്മാർക്കിൽ നിന്ന് വരികയാണ്. എറിക്സൻ കളം വിടുമ്പോൾ ബോധം ഉണ്ടായിരുന്നു എന്നും എറിക്സന്റെ ഹൃദയമിടിപ്പ് നേരെ ആയിരുന്നു എന്നും പ്രമുഖ വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എറിക്സന്റെ ആരോഗ്യ നില സ്റ്റേബിൾ ആണെന്നും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായും യുവേഫ ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു.

എറിക്സൺ കളം വിടുന്നതിന് മുമ്പ് കണ്ണ് തുറന്ന് കൈ ഉയർത്തി കാണിക്കുന്ന ചിത്രങ്ങളും ഫുട്ബോൾ പ്രേമികൾക്ക് ആശ്വാസം നൽകുന്നു. താരം എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യവാനാകാൻ ഫുട്ബോൾ ലോകം പ്രാർത്ഥനയിലാണ്. ഫുട്ബോൾ ലോകത്തെ പ്രമുഖ താരങ്ങളും ക്ലബുകളും എല്ലാം എറിക്സണ് പിന്തുണ അറിയിച്ച് രംഗത്ത് എത്തി.

ഇന്ന് യൂറോ കപ്പിൽ നടക്കുകയായിരുന്ന മത്സരത്തിനിടയിൽ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞു വീണത് ഫുട്ബോൾ പ്രേമികളെ ആകെ വേദനയിലാക്കിയയിരുന്നു. മത്സരം ആദ്യ പകുതി അവസാനിക്കാനാകുന്ന സമയത്തായിരുന്നു കളിക്കിടയിൽ എറിക്സൺ കുഴഞ്ഞു വീണത്. ഉടൻ തന്നെ റഫറി കളി നിർത്തി മെഡിക്കൽ സംഘം കളത്തിൽ എത്തി. ദീർഘനേരം പരിചരണം നടത്തിയ ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇന്നത്തെ മത്സരം ഉപേക്ഷിക്കുന്നതായി യുവേഫ അറിയിക്കുകയും ചെയ്തു. എറിക്സന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോഴും പുറത്തു വന്നിട്ടില്ല. ഡെന്മാർക്ക് ടീമിലെ ഏറ്റവും മികച്ച താരമാണ് എറിക്സൺ

Previous articleഎറിക്സണായി ഫുട്ബോൾ ലോകം പ്രാർത്ഥനയിൽ, ഡെന്മാർക്ക് ഫിൻലാൻഡ് മത്സരം ഉപേക്ഷിച്ചു
Next articleലീഡ് 37 റൺസ് മാത്രം, കൈവശമുള്ളത് 1 വിക്കറ്റ്, ഇംഗ്ലണ്ടിന്റെ തോല്‍വി ഉറപ്പ്