ലോക ചാമ്പ്യന്മാരെ തറപറ്റിച്ച് ഡെന്മാർക്ക്

Picsart 22 09 26 02 07 55 651

ഡെന്മാർക്ക് ആരെയും ഭയക്കുന്ന ടീമല്ല. ഇന്ന് അവർ യുവേഫ നാഷൺസ് ലീഗിലെ നിർണായക മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഡെന്മാർക്കിന്റെ വിജയം. ആദ്യ പകുതിയിലാണ് ഫ്രാൻസിനെ ഞെട്ടിച്ച രണ്ട് ഗോളുകൾ വന്നത്.

33ആം മിനിട്ടിൽ ഇടതു വിങ്ങിൽ നിന്ന് വന്ന ഡാസ്ംഗാർഡിന്റെ ലോ ക്രോസ് ഡോൽബർഗ് ലക്ഷ്യത്തിൽ എത്തിച്ചു. ഇത് കഴിഞ്ഞ് ആറ് മിനുട്ടിനകം രണ്ടാം ഗോൾ വന്നു‌‌. എറിക്സൺ എടുത്ത ഒരു കോർണർ ക്ലിയർ ചെയ്യാൻ ഫ്രാൻസ് ഡിഫൻസിന് ആയില്ല. ഈ അവസരം മുതലാക്കി ഡെലേനി നൽകിയ പാസ് മികച്ച സ്ട്രൈക്കിലൂടെ ഓൾസൺ വലയിൽ എത്തിച്ചു.

ഡെന്മാർക്ക്

ഈ ഗോളുകൾക്ക് ഒരു മറുപടിയും ഫ്രാൻസിന്റെ കൈകളിൽ ഉണ്ടായിരുന്നില്ല. രണ്ടാം പകുതി ആകെ ശ്രമിച്ചിട്ടും ഒരു ഗോൾ പോലും അവർക്ക് മടക്കാനായില്ല.

ഈ വിജയത്തോടെ ഡെന്മാർക്ക് 12 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഫ്രാൻസ് മൂന്നാമതാണ്. അവർക്ക് 6 മത്സരങ്ങളിൽ ആകെ ഒരു ജയം മാത്രമേ ഉള്ളൂ. ഈ ഗ്രൂപ്പിൽ നിന്ന് ഓസ്ട്രിയ റിലഗേറ്റ് ആയി.