ഒരുമിക്കുമോ റിക്കി പോണ്ടിംഗും അനില്‍ കുംബ്ലൈയും വീണ്ടും?

ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമിന്റെ മെന്ററായി അനില്‍ കുംബ്ലൈയെ എത്തിക്കുവാനുള്ള ചര്‍ച്ചകള്‍ നടത്തുന്നുവെന്ന് വാര്‍ത്തകള്‍. ഐപിഎല്‍ ചരിത്രത്തില്‍ മോശം പ്രകടനം പുറത്തെടുത്തിട്ടുള്ള ടീം ഈ സീസണില്‍ മുന്‍ ഇന്ത്യന്‍ കോച്ചിന്റെ സേവനം ഉറപ്പാക്കുവാനുള്ള ശ്രമത്തിലാണെന്നാണ് അറിയുന്നത്. കുംബ്ലൈയെ സമീപിച്ചിട്ടുണ്ടെന്നുള്ളതിനെക്കുറിച്ച് ടീം മാനേജ്മെന്റ് കൂടുതല്‍ വ്യക്തത വരുത്തിയിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ കോച്ചിനെ ഇതിനായി സമീപിച്ചിട്ടുണ്ടെന്നും തങ്ങള്‍ക്ക് അദ്ദേഹത്തിനെ ഇതിനു സമ്മതിപ്പിക്കുവാന്‍ സാധ്യമാകുമെന്നുമാണ് കരുതുന്നതെന്ന് ഡല്‍ഹിയുടെ സഹ ഉടമകളില്‍ ഒരാളായ ജെഎസ്ഡബ്ല്യു തലവന്‍ കൂടിയായ പാര്‍ത്ഥ് ജിന്‍ഡാല്‍ പറഞ്ഞു.

കാര്യങ്ങള്‍ അനുകൂലമായി നീങ്ങുകയാണെങ്കില്‍ മുംബൈ കോച്ചിംഗ് സ്റ്റാഫിലെ അംഗങ്ങളായ റിക്കി പോണ്ടിംഗ്-അനില്‍ കുംബ്ലൈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമെന്ന് വേണം കരുതുവാന്‍. 2015ല്‍ മുംബൈ ചാമ്പ്യന്മാരായപ്പോള്‍ ഇരുവരും ടീമിന്റെ കോച്ചിംഗ് സ്റ്റാഫിലംഗമായിരുന്നു.

Exit mobile version