ശര്‍ദ്ധുൽ താക്കുറിനെ ഡൽഹി ക്യാപിറ്റൽസ് റിലീസ് ചെയ്തേക്കുമെന്ന് സൂചന

ഐപിഎലില്‍ ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ ഓള്‍റൗണ്ടര്‍ ശര്‍ദ്ധുൽ താക്കുറിനെ റിലീസ് ചെയ്തേക്കുമെന്ന് സൂചന. റിലീസ് ചെയ്യേണ്ട താരങ്ങളുടെ പട്ടിക നൽകുവാന്‍ 20 ദിവസം ആണ് ഇനി ഫ്രാഞ്ചൈസികളുടെ പക്കലുള്ളത്.

താക്കുറിനെ 10.75 കോടി രൂപയ്ക്കാണ് ക്യാപിറ്റൽസ് സ്വന്തമാക്കിയത്. 14 മത്സരങ്ങളിൽ നിന്ന് 120 റൺസും 15 വിക്കറ്റും മാത്രമാണ് താരം നേടിയത്. ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ശ്രദ്ധേയമായ പ്രകടനം താരത്തിന് പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല. അതേ സമയം മുന്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി മികച്ച പ്രകടനം ഇതിന് മുമ്പുള്ള സീസണുകളിൽ താരം പുറത്തെടുത്തിരുന്നു.

താരത്തിനെ റിലീസ് ചെയ്ത ശേഷം കുറഞ്ഞ തുകയ്ക്ക് സ്വന്തമാക്കുവാന്‍ ഡൽഹി ശ്രമിക്കുമെന്നാണ് അറിയുന്നത്. ഇത് കൂടാതെ കെഎസ് ഭരതിനെയും മന്‍ദീപ് സിംഗിനെയും ഫ്രാഞ്ചൈസി റിലീസ് ചെയ്യുമെന്നാണ് ലഭിയ്ക്കുന്ന സൂചന. ഭരതിന് 2 കോടിയും മന്‍ദീപിന് 1.10 കോടിയും ആണ് ലേലത്തിൽ ലഭിച്ചത്.