തല കൊണ്ട് ഇടിച്ച് നൂനിയസ് ചുവപ്പ് വാങ്ങി, ലിവർപൂൾ സമനിലയുടെ തലവേദനയിൽ

Newsroom

20220816 020838
Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂളിന് പ്രീമിയർ ലീഗിൽ രണ്ടാം മത്സരത്തിലും വിജയമില്ല. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ ക്രിസ്റ്റൽ പാലസിനെ നേരിട്ട ലിവർപൂൾ 1-1ന്റെ സമനില ആണ് വഴങ്ങിയത്‌‌. അറ്റാക്കിംഗ് താരം നൂനിയസ് അനാവശ്യമായി ചുവപ്പ് കാർഡ് വാങ്ങിയത് ലിവർപൂളിന് വലിയ തിരിച്ചടിയായി.

ഇന്ന് ആൻഫീൽഡിൽ കൃത്യമായ ടാക്ടിക്സുമായായിരുന്നു ക്രിസ്റ്റൽ പാലസ് എത്തിയത്. ഡിഫൻസിൽ ഊന്നി കൗണ്ടർ അറ്റാക്കിനായി അവർ തുടക്കം മുതൽ കാത്തിരിക്കുക ആയിരുന്നു‌ 32ആം മിനുട്ടിൽ ഒരു ബ്രേക്കിൽ സാഹ ലിവർപൂളിന്റെ ഓഫ്സൈഡ് ട്രാപ്പ് മറികടന്ന് മുന്നേറുകയും അലിസണെ കീഴ്പ്പെടുത്തി ലീഡ് എടുക്കുകയും ചെയ്തു. എസെയുടെ പാാസ് ആയിരുന്നു സാഹക്ക് ഈ അവസരം ഒരുക്കിയത്.

ഈ ഗോളിന് മറുപടി നൽകാൻ ആദ്യ പകുതിയിൽ ലിവർപൂളിനായില്ല. രണ്ടാം പകുതിയിൽ അവർ ഗോളിനായി ശ്രമിക്കുന്നതിനിടയിൽ അവരുടെ ഈ സീസണിലെ വലിയ സൈനിംഗ് ആയ ഡാർവിൻ നൂനിയസ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയി. പാലസിന്റെ ആൻഡേഴ്സണെ തല കൊണ്ട് ഇടിച്ചതിനായിരുന്നു നൂനിയസ് ചുവപ്പ് കണ്ടത്.
20220816 015926
ഈ ചുവപ്പ് കാർഡ് ലിവർപൂളിനെ തളർത്തി എങ്കിലും നൂനിയസ് പുറത്ത് പോയി നാലു മിനുട്ടിനകം ലിവർപൂൾ സമനില കണ്ടെത്തി. ലൂയിസ് ഡയസിന്റെ ഒരു സോളോ റണ്ണും അതിനു ശേഷം പിറന്ന പവർഫുൾ ഷോട്ടും തടയാൻ ക്രിസ്റ്റൽ പാലസ് ഡിഫൻസിന് ആയേ ഇല്ല. 61ആം മിനുട്ടിൽ സ്കോർ 1-1.

പത്തു പേരുമായി ലിവർപൂൾ അറ്റാക്ക് തുടർന്നു. അവർ പലപ്പോഴും വിജയ ഗോളിന് അടുത്ത് എത്തുകയും ചെയ്തു. ഇതിനിടയിൽ പാലസ് സാഹയിലൂടെ വീണ്ടും ലീഡ് എടുക്കുന്നതിനും അടുത്ത് എത്തി. എന്നാൽ സാഹയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. അവസാനം വരെ ശ്രമിച്ചിട്ടും ആൻഫീൽഡിൽ ഇന്ന് ഒരു വിജയ ഗോൾ പിറന്നില്ല.

ലിവർപൂളിന്റെ തുടർച്ചയായ രണ്ടാം സമനിലയാണിത്. ആദ്യ മത്സരത്തിൽ അവർ ഫുൾഹാമിനോടും സമനില വഴങ്ങിയിരുന്നു.