ഇന്ത്യയ്ക്ക് ജയമില്ല, ഇംഗ്ലണ്ടിനെ ഒറ്റയാള്‍ പ്രകടനത്തിലൂടെ ജയത്തിലെത്തിച്ച് ഡാനിയേല്‍ വയട്ട്

സ്മൃതി മന്ഥാനയുടെ ഇന്നിംഗ്സിനെ വെല്ലുന്ന ഇന്നിംഗ്സുമായി ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ഡാനിയേല്‍ വയട്ട് കളം നിറഞ്ഞാടിയപ്പോള്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി. ഇന്ത്യയുടെ സ്കോറായ 198 റണ്‍സ് ഇംഗ്ലണ്ട് അനായാസം മറികടക്കുകയായിരുന്നു. 64 പന്തില്‍ 124 റണ്‍സ് നേടിയ ഡാനിയേല്‍ വയട്ടിന്റെ ഇന്നിംഗ്സാണ് മത്സരം ഇംഗ്ലണ്ടിനു അനുകൂലമാക്കിയത്. 15 റണ്‍സ് നേടിയ ബ്രയോണി സ്മിത്ത് പുറത്താകുമ്പോള്‍ 5.2 ഓവറില്‍ 61 റണ്‍സാണ് ഇംഗ്ലണ്ട് നേടിയിരുന്നത്. പിന്നീട് വയട്ടിനു കൂട്ടായി എത്തിയ താമി ബ്യൂമോണ്ടും റണ്‍സ് അനായാസം കണ്ടെത്തിയപ്പോള്‍ ഇംഗ്ലണ്ടിനെ തടയാന്‍ ഇന്ത്യയ്ക്ക് സാധിക്കാതെ പോകുകയായിരുന്നു.

24 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ വയട്ട് 52 പന്തില്‍ നിന്നാണ് തന്റെ രണ്ടാം ടി20 ശതകം നേടിയത്. 15ാം ഓവറിന്റെ ആദ്യ പന്തില്‍ ദീപ്തി ശര്‍മ്മയെ ബൗണ്ടറി പായിച്ചാണ് വയട്ട് ഈ നേട്ടം കൈവരിച്ചത്. അതേ ഓവറിലെ മൂന്നാം പന്തില്‍ താമി ബ്യൂമോണ്ടിനെ മടക്കിയയച്ച് ദീപ്തി ശര്‍മ്മ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റ് നേടിക്കൊടുത്തു. 35 റണ്‍സാണ് ബ്യൂമോണ്ട് നേടിയത്. ദീപ്തി ശര്‍മ്മയ്ക്ക് തന്നെയാണ് വയട്ട് വിക്കറ്റ്.

124 റണ്‍സ് നേടി വയാട്ട് പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് ജയത്തിനരികെയെത്തിക്കഴിഞ്ഞിരുന്നു. 15 ബൗണ്ടറിയും 5 സിക്സും അടങ്ങിയതായിരുന്നു വയാട്ടിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സ്. 8 പന്ത് അവശേഷിക്കെയാണ് ഇംഗ്ലണ്ട് 7 വിക്കറ്റ് വിജയം നേടിയത്. ടൂര്‍ണ്ണമെന്റിലെ രണ്ടാം വിജയമാണ് ഇംഗ്ലണ്ടിന്റേത്. 12 റണ്‍സുമായി നതാലി സ്കിവറും 8 റണ്‍സ് നേടി ഹീത്തര്‍ നൈറ്റുമാണ് വിജയ സമയത്ത് ഇംഗ്ലണ്ടിനായി ക്രീസിലുണ്ടായിരുന്നത്.

നേരത്തെ സ്മൃതി മന്ഥാന(76), മിത്താലി രാജ്(63), ഹര്‍മ്മന്‍പ്രീത് കൗര്‍(30), പൂജ വസ്ത്രാക്കര്‍(10 പന്തില്‍ 22 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ നിന്ന് നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 198 റണ്‍സ് നേടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്പെയിനിനെതിരെ ഡിമറിയയും അഗ്വേറോയും ഇല്ല
Next articleലോകകപ്പിന് മുൻപേ പന്ത് വിവാദത്തിൽ