കോപ അമേരിക്കയിൽ ഡാനി ആൽവസ് ബ്രസീലിനെ നയിക്കും, നെയ്മറിനെ തഴഞ്ഞു

കോപ അമേരിക്കയ്ക്ക് സ്വന്തം നാട്ടിൽ ഇറങ്ങുന്ന ബ്രസീലിനെ നയിക്കുക ഡാനി ആൽവസ് ആയിരിക്കും. പി എസ് ജി താരമായ ആൽവസിനെ ക്യാപ്റ്റനാക്കി കൊണ്ട് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു. ലോകകപ്പിൽ നടത്തിയ പോലെ ക്യാപ്റ്റൻ റൊട്ടേഷൻ ഇത്തവണ ബ്രസീൽ പരിശീലകൻ ടിറ്റെ നടത്തില്ല. റഷ്യൻ ലോകകപ്പിലും ആൽവസിനെ നായകാനാക്കാൻ ആയിരുന്നു ഉദ്ദേശിച്ചത് എങ്കിലും അന്ന് പരിക്ക് അദ്ദേഹത്തിന് പ്രശ്നമായി.

36കാരനായ ആൽവസ് ടീമിലെ ഏറ്റവും പരിചയ സമ്പന്നന്നായ താരമാണ്. അതു മാത്രമല്ല ക്ലബ് ഫുട്ബോളിൽ നിരവധി കിരീടങ്ങൾ സ്വന്തമാക്കിയതും ആൽവസിന് മുൻഗണന നൽകി. ബ്രസീൽ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം നെയ്മർ ആണെങ്കിലും നെയ്മറിന് ക്യാപ്റ്റനാവാനുള്ള ഗുണങ്ങൾ ഇല്ല എന്ന് പരിശീലകൻ വിലയിരുത്തി. കഴിഞ്ഞ ദിവസം നെയ്മറുമായി കൂടെ ചർച്ച നടത്തിയ ശേഷമാണ് അന്തിമ തീരുമാനം എത്തിയത്.

കോപ അമേരിക്കയ്ക്കായി ഒരുങ്ങുന്ന ക്യാമ്പിൽ ഭൂരിഭാഗം ബ്രസീലിയൻ താരങ്ങളും ഇപ്പോൾ എത്തിയിട്ടുണ്ട്. കോപയ്ക്ക് മുന്നോടിയായി രണ്ട് സൗഹൃദ മത്സരങ്ങളിലും ബ്രസീൽ കളിക്കുന്നുണ്ട്.

Exit mobile version