കോമൺവെൽത്ത് ഗെയിംസിൽ റെക്കോർഡ് പ്രകടനവുമായി ഇന്ത്യക്ക് രണ്ടാം സ്വർണം സമ്മാനിച്ചു 19 കാരൻ

ദാരോദ്വഹനത്തിൽ തന്നെ കോമൺവെൽത്ത് ഗെയിംസിലെ അഞ്ചാം മെഡൽ സ്വന്തമാക്കി ഇന്ത്യ. ഇത്തവണ പുരുഷന്മാരുടെ 67 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ മിസോറാം താരം ജെറമി ലാൽറിണുങയാണ് ഇന്ത്യക്ക് മെഡൽ സമ്മാനിച്ചത്. ഇന്ത്യ ഗെയിംസിൽ നേടുന്ന രണ്ടാമത്തെ സ്വർണം ആണ് ഇത്. കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 67 കിലോഗ്രാം വിഭാഗത്തിൽ റെക്കോർഡ് പ്രകടനം ആണ് 19 കാരനായ താരം പുറത്ത് എടുത്തത്. മൊത്തം 300 കിലോഗ്രാം ആണ് ജെറമി ഉയർത്തിയത്.

20220731 163735

സ്നാച്ചിൽ 140 കിലോഗ്രാം ഭാരം ഉയർത്തിയ ജെറമി ക്ലീൻ ആന്റ് ജെർക്കിൽ 160 കിലോഗ്രാം ഉയർത്തിയാണ് കോമൺവെൽത്ത് ഗെയിംസിൽ പുതിയ റെക്കോർഡ് കുറിച്ചത്. ഈ മെഡൽ നേട്ടത്തോടെ ഇന്ത്യ മെഡൽ പട്ടികയിൽ ആറാം സ്ഥാനത്തേക്ക് മുന്നേറി. 2018 ൽ യൂത്ത് ഒളിമ്പിക്‌സിൽ സ്വർണം നേടി ശ്രദ്ധേയനായ ജെറമിയിൽ നിന്നു ഇന്ത്യ വലിയ നേട്ടങ്ങൾ ആണ് ഭാവിയിൽ പ്രതീക്ഷിക്കുന്നത്. 293 കിലോഗ്രാം ഭാരം ഉയർത്തിയ സമോവയുടെ വായിപവ നെവോ വെള്ളി മെഡൽ നേടിയപ്പോൾ 290 കിലോഗ്രാം ഭാരം ഉയർത്തിയ നൈജീരിയയുടെ എഡിഡോങ് ജോസഫ് വെങ്കലം നേടി. കോമൺവെൽത്ത് ഗെയിംസിൽ ഇത് വരെ ഇന്ത്യ നേടിയ 5 മെഡലുകളും ദാരോദ്വഹനത്തിൽ നിന്നാണ്.

Exit mobile version