ജയത്തോടെ ക്രൊയേഷ്യ, പ്രതിരോധത്തിലെ അബദ്ധങ്ങൾക്ക് വലിയ വിലകൊടുത്ത് നൈജീരിയ

- Advertisement -

പ്രതിരോധത്തിലെ രണ്ട് പിഴവുകൾ. നൈജീരിയയുടെ ആ രണ്ട് പിഴവുകൾ ക്രൊയേഷ്യക്ക് മൂന്ന് പോയന്റുകളാണ് നൽകിയത്. കാര്യമായ അറ്റാക്കൊന്നും നടത്തിയില്ല എങ്കിലും എതിരില്ലാത്ത 2 ഗോളുകൾക്ക് ക്രൊയേഷ്യക്ക് ഇന്ന് വിജയിച്ച് കയറാനായി. ഒരു സെൽഫ് ഗോളും ഒരു പെനാൾട്ടിയുമാണ് നൈജീരിയയുടെ വിധി ഇന്ന് എഴുതിയത്.

ആദ്യ പകുതിയിൽ ഒരൊറ്റ ഷോട്ട് ടാർഗറ്റിലേക്ക് ഇല്ലായിരുന്നു എങ്കിലും എറ്റെബോയുടെ സെൽഫ് ഗോൾ ക്രൊയേഷ്യയെ മുന്നിൽ എത്തിച്ചു. മോഡ്രിചിന്റെ കോർണറിൽ നിന്ന് പിറന്ന അവസരത്തിൽ നിന്നായിരുന്നു അവസാനം എറ്റെബോ ഗോൾ വഴങ്ങിയത്. രണ്ടാം പകുതിയിൽ നൈജീരിയൻ ഡിഫൻഡർ വില്യം ട്രൂസ്റ്റ് ഇകോങ്ങാണ് ക്രൊയേഷ്യൻ ജയം ഉറപ്പിച്ചു കൊടുത്തത്. മാൻഡ്സുകിച്ചിനെ ഇകോങ്ങ് ബോക്സിനകത്ത് രണ്ട് കൈയും ഉപയോഗിച്ച് പിടിച്ച് വെച്ചത് റഫറിയുടെ കണ്ണിൽ പെടുകയും പെനാൾട്ടി നൽകുകയുമായിരുന്നു.

പെനാൾട്ടി എടുത്ത റയൽ മാഡ്രിഡ് താരം മോഡ്രിചിന് പിഴച്ചില്ല. ബോക്സിന്റെ ഇടതുമൂലയിലേക്ക് പന്തെത്തിച്ച് മൂന്ന് പോയന്റും ഗ്രൂപ്പിലെ ആദ്യ സ്ഥാനവും ക്രൊയേഷ്യ സ്വന്തമാക്കി. 21ആം തീയതി അർജന്റീനയ്ക്കെതിരെ ആണ് ക്രൊയേഷ്യയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement