കൊറോണയ്ക്ക് ശേഷം ഐപിഎലിലൂടെ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതാണ് നല്ലത് – ചഹാല്‍

കൊറോണയ്ക്ക് ശേഷം ഐപിഎലിലൂടെ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ട് യൂസുവേന്ദ്ര ചഹാല്‍. മാര്‍ച്ച് അവസാനം ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് ബിസിസിഐ നീട്ടി വയ്ക്കുകയായിരുന്നു. ഐപിഎല്‍ രണ്ട് മാസത്തേക്ക് നടക്കുന്ന ടൂര്‍ണ്ണമെന്റാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങി വരുന്ന താരങ്ങള്‍ക്ക് തയ്യാറെടുപ്പായി ഈ ടൂര്‍ണ്ണമെന്റിനെ പരിഗണിക്കാവുന്നതാണെന്നും ചഹാല്‍ വ്യക്തമാക്കി.

ഏതെങ്കിലും പരമ്പരയിലൂടെ ക്രിക്കറ്റിലേക്ക് ഇന്ത്യ സജീവമാകുന്നതിലും നല്ലത് ഐപിഎല്‍ കളിച്ച് ക്രിക്കറ്റിലേക്ക് കൊറോണയ്ക്ക് ശേഷമുള്ള മടങ്ങിവരവ് നടത്തുന്നതാണെന്ന് ചഹാല്‍ സൂചിപ്പിച്ചു. തന്റെ 20 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ ഇതാദ്യമായാണ് താന്‍ ക്രിക്കറ്റ് കളിക്കാതെ ഇരിക്കുന്നതെന്നും താരം വ്യക്തമാക്കി. ആദ്യത്തെ രണ്ട് ദിവസം വീട്ടിലിരിക്കുവാന്‍ വളരെ പ്രയാസമാണ് താന്‍ അനുഭവപ്പെട്ടതെന്നും ഇന്ത്യയുടെ സ്പിന്നര്‍ പറഞ്ഞു.

Exit mobile version