നെയ്മറല്ല, ബ്രസീലിന്റെ യഥാർത്ഥ താരം ഈ നമ്പർ 11

- Advertisement -

ബ്രസീലിന്റെ താരമായി വാഴ്ത്തപ്പെടുന്നത് നെയ്മർ ആണെങ്കിലും റഷ്യയിൽ ബ്രസീലിനെ ചുമലിലേറ്റി മുന്നേറുന്നത് ബ്രസീലിന്റെ നമ്പർ 11 ഫിലിപ്പെ കൗട്ടീനോ ആണെന്ന് തന്നെ പറയണം. ഇന്ന് ബ്രസീൽ സെർബിയൻ ഡിഫൻസിൻ മുന്നിൽ ഗതി കിട്ടാതെ അലയുമ്പോൾ കാനറികൾക്ക് സെർബിയൻ ഗോളിലേക്ക് വാതിൽ തുറന്ന് കൊടുത്തത് ഈ മജീഷ്യനായിരുന്നു. കൗട്ടീനോയുടെ പാസ് പൗളീനോയ്ക്ക് വേണ്ടി അളന്ന് മുറിച്ചുള്ളതായിരുന്നു.

ആ പാസിൽ സെർബിയൻ ഡിഫൻസും ഒപ്പം സെർബിയൻ ഗോൾ കീപ്പറും എല്ലാവരും ആടി ഉലഞ്ഞു. ഈ ലോകകപ്പിൽ ഇതാദ്യമായായിരുന്നില്ല കൗട്ടീനോ ബ്രസീലിന്റെ രക്ഷകനാകുന്നത്. ആദ്യ മത്സരത്തിൽ സ്വിറ്റ്സർലാന്റിനെതിരെ ബോക്സിന് പുറത്ത് നിന്നുള്ള കൗട്ടീനോയുടെ തകർപ്പൻ സ്ട്രൈക്കായിരുന്നു ബ്രസീലിന്റെ ആകെയുള്ള സമ്പാദ്യം. അന്ന് പരാജയപ്പെടാതെ കാത്തതും ആ സ്ട്രൈക്കായിരുന്നു.

കോസ്റ്ററിക്കയ്ക്ക് എതിരെയുള്ള കൗട്ടീനോയുടെ ഗോൾ ബ്രസീൽ ആരാധകർ മറക്കാൻ സാധ്യതയില്ല. 91ആം മിനുട്ട് വരെ ഗോൾ വീഴാതിരുന്നപ്പോൾ ടൂർണമെന്റിൽ നിന്ന് പുറത്തേക്ക് പോവുകയാണോ ബ്രസീൽ എന്നുവരെ ആശങ്കയുണ്ടായിരുന്നു. അപ്പോഴും രക്ഷകനായി കൗട്ടീനോ ആണ് എത്തിയത്. അന്ന് ക്ലോസ് റേഞ്ചിൽ നിന്നായിരുന്നു താരത്തിന്റെ ഫിനിഷ്. ഈ ലോകകപ്പിൽ ഇതുവരെ ബ്രസീൽ നേടിയ അഞ്ചു ഗോളുകളിൽ മൂന്നിലും കൗട്ടീനോയുടെ പങ്കുണ്ടെന്നർത്ഥം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement