
ലൂക്ക് റോഞ്ചിയെ പാക്കിസ്ഥാന് പൗരത്വം നല്കി ദേശീയ ടീമിലേക്ക് ഓപ്പണറായി പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ട് റമീസ് രാജ. താരത്തിന്റെ പാക്കിസ്ഥാന് സൂപ്പര്‍ ലീഗിലെ ബാറ്റിംഗ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആവശ്യവുമായി റമീസ് രാജ എത്തിയത്. ഫൈനലിലും മികവ് പുലര്‍ത്തിയ റോഞ്ചിയുടെ ഇന്നിംഗ്സിന്റെ ബലത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പേഷ്വാര് സല്‍മിയെ തകര്‍ത്ത് ഇസ്ലാമാബാദ് യുണൈറ്റഡ് കിരീടം ഉയര്‍ത്തിയിരുന്നു. റോഞ്ചിയായിരുന്നു ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ടൂര്‍ണ്ണമെന്റിലെ താരമായും റോഞ്ചി തന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ന്യൂസിലാണ്ടിനു വേണ്ടി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരം ഇപ്പോള്‍ ഒരു രാജ്യത്തെയും പ്രതിനിധീകരിക്കുന്നില്ല. ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിച്ച് തന്റെ കഴിവ് കളയാതെ പാക്കിസ്ഥാന് പൗരത്വം നല്കി താരത്തെ പാക്കിസ്ഥാന് ദേശീയ ടീമിലേക്ക് സ്വാഗതം ചെയ്യണമെന്നാണ് ഒരു പത്ര മാധ്യമത്തിനോട് സംസാരിക്കവേ മുന്‍ പാക്കിസ്ഥാന് താരം അഭിപ്രായപ്പെട്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial