ക്ലീനിക്കൽ കുൽദീപ്!!! ഒപ്പം കൂടി അശ്വിനും, ആധികാരിക വിജയവുമായി രാജസ്ഥാന്‍

തകര്‍ന്നടിഞ്ഞ രാജസ്ഥാന്റെ ശക്തമായ തിരിച്ചുവരവ് റിയാന്‍ പരാഗിലൂടെയായിരുന്നുവെങ്കില്‍ ബൗളിംഗിൽ സമ്പൂര്‍ണ്ണാധിപത്യം ടീം പുലര്‍ത്തിയപ്പോള്‍ 29 റൺസിന്റെ വിജയം. 145 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ആര്‍സിബി 115 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

Ashwin

കുല്‍ദീപ് നാലും അശ്വിൻ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ പ്രസിദ്ധ കൃഷ്ണ രണ്ട് വിക്കറ്റും നേടി രാജസ്ഥാന്റെ ക്ലീനിക്കൽ പെര്‍ഫോമന്‍സ് പൂര്‍ത്തിയാക്കി. 19.3 ഓവറിൽ 115 റൺസിനാണ് ബാംഗ്ലൂര്‍ ഓള്‍ഔട്ട് ആയത്. വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് രാജസ്ഥാന്‍ എത്തി.

വിരാട് കോഹ്‍ലിയെയാണ് ആര്‍സിബി ഇത്തവണ ഓപ്പണിംഗിൽ പരീക്ഷിച്ചത്. രണ്ടാം ഓവറിൽ സ്കോര്‍ പത്തിൽ എത്തി നില്‍ക്കുമ്പോള്‍ 9 റൺസ് നേടിയ കോഹ്‍‍ലിയെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കിയപ്പോള്‍ ആര്‍സിബിയ്ക്ക് ആദ്യ തിരിച്ചടിയേറ്റു. ഫാഫ് ബൗണ്ടറികളുമായി സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചപ്പോള്‍ 27 റൺസ് രണ്ടാം വിക്കറ്റിൽ രജത് പടിദാറുമായി ചേര്‍ന്ന് താരം നേടിയെങ്കിലും കുൽദീപ് സെന്‍ അടുത്തടുത്ത പന്തുകളിൽ ഫാഫിനെയും(23) ഗ്ലെന്‍ മാക്സ്വെല്ലിനെയും(0) വീഴ്ത്തിയതോടെ ബാംഗ്ലൂര്‍ 37/3 എന്ന നിലയിലേക്ക് വീണു.

രജത് പടിദാറും ഷഹ്ബാസ് അഹമ്മദും ചേര്‍ന്ന് 21 റൺസ് കൂടി നേടിയെങ്കിലും പടിദാറിനെ(16) പുറത്താക്കി അശ്വിന്‍ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. പത്ത് ഓവര്‍ അവസാനിച്ചപ്പോള്‍ 58 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ ബാംഗ്ലൂര്‍ നേടിയത്. സുയാഷിനെ അശ്വിന്‍ മടക്കിയയ്ച്ചപ്പോള്‍ ആര്‍സിബി 66/5 എന്ന നിലയിലേക്ക് വീണു.

കഴിഞ്ഞ തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ സമാനമായ സ്ഥിതിയിൽ നിന്ന് ടീമിനെ ലക്ഷ്യത്തിലേക്കെത്തിച്ച കൂട്ടുകെട്ടായ ഷഹ്ബാദ് അഹമ്മദ് – ദിനേശ് കാര്‍ത്തിക്ക് കൂട്ടുകെട്ടിന് എന്നാൽ ഇത്തവണ കാര്യമായി ഒന്നും ചെയ്യാനായില്ല. ദിനേശ് കാര്‍ത്തിക് റണ്ണൗട്ടായതോടെ വലിയ ചുമതലയാണ് ഷഹ്ബാസിന് ചുമലില്‍ വന്നത്.

മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 55 റൺസായിരുന്നു ജയത്തിനായി ആര്‍സിബി നേടേണ്ടിയിരുന്നത്. അടുത്തോവര്‍ എറിഞ്ഞ അശ്വിന്‍ ഷഹ്ബാസ് അഹമ്മദിനെയും(17) പുറത്താക്കിയതോടെ കാര്യങ്ങള്‍ ആര്‍സിബിയ്ക്ക് പ്രയാസകരമായി. അശ്വിന്‍ തന്റെ 4 ഓവറിൽ 17 റൺസിന് മൂന്ന് വിക്കറ്റാണ് നേടിയത്.

 

Exit mobile version