ജോസ് ബട്ലര്‍ ഫയര്‍ വര്‍ക്സ്, ഓസ്ട്രേലിയ നിഷ്പ്രഭം

ഓസ്ട്രേലിയയ്ക്കെതിരെ 8 വിക്കറ്റ് വിജയവുമായി തങ്ങളുടെ ജൈത്രയാത്ര തുടര്‍ന്ന് ഇംഗ്ലണ്ട്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ 125 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം ലക്ഷ്യം 11.4 ഓവറിൽ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ജോസ് ബട്‍ലറും ജേസൺ റോയിയും ചേര്‍ന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് 66 റൺസ് നേടി ഇംഗ്ലണ്ടിന് മികച്ച തുടക്കം നല്‍കുകയായിരുന്നു. 39 പന്തിൽ ഈ സ്കോര്‍ നേടിയ കൂട്ടുകെട്ടിനെ ആഡം സംപയാണ് തകര്‍ത്തത്. 22 റൺസ് നേടിയ റോയിയെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു സംപ.

25 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയ ജോസ് ബട്‍ലര്‍ ഈ ടൂര്‍ണ്ണമെന്റിലെ ഏറ്റവും വേഗതയാര്‍ന്ന അര്‍ദ്ധ ശതകം ആണ് നേടിയത്. ജോസ് ബട്‍ലര്‍ 32 പന്തിൽ 71 റൺസും ജോണി ബൈര്‍സ്റ്റോ 10 പന്തിൽ 15 റൺസും നേടിയാണ് വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്.

Josbuttler

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ആരോൺ ഫിഞ്ച് 44 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മാത്യു വെയിഡ്(18), ആഷ്ടൺ അഗര്‍ (20) എന്നിവര്‍ ചേര്‍ന്നാണ് ടീം സ്കോര്‍ 125 റൺസിലേക്ക് എത്തിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോര്‍ദ്ദന്‍ 3 വിക്കറ്റും ക്രിസ് വോക്സ്, തൈമൽ മിൽസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version