Picsart 23 07 20 23 18 54 425

ഇന്ത്യൻ ഫുട്‌ബോൾ താരങ്ങളുടെ വീടുകൾ മണിപ്പൂരിൽ തകർക്കപ്പെട്ടു ആരും അതിനെപ്പറ്റി സംസാരിക്കുന്നില്ല

മണിപ്പൂർ സംഘർഷത്തിൽ പ്രതികരിച്ചു മുൻ ഇന്ത്യൻ താരം സികെ വിനീത്. നിലവിൽ ഇന്ത്യൻ ടീമിൽ കളിക്കുന്ന മണിപ്പൂർ താരങ്ങളുടെ വീടുകൾ മണിപ്പൂരിൽ പൂർണമായും തകർക്കപ്പെട്ടു എന്നു പറഞ്ഞ വിനീത് നിലവിൽ താരങ്ങളും കുടുംബവും സുഹൃത്തുക്കളുടെ വീടുകളിൽ അഭയം തേടിയിരിക്കുക ആണെന്നും കൂട്ടിച്ചേർത്തു. മാസങ്ങൾ ആയി ഇത് നടന്നിട്ടെങ്കിലും ഒരു മാധ്യമവും ഇതിനെപറ്റി സംസാരിക്കുന്നില്ലെന്നും താരം ട്വീറ്റ് ചെയ്തു.

മാധ്യമങ്ങൾക്ക് ഇതിനെപ്പറ്റി അറിയാമോ അല്ല അവർ അറിഞ്ഞു കൊണ്ട് അവഗണിക്കുക ആണോ അവർക്ക് എന്ത് നടക്കുക ആണെന്ന് അറിയാമോ എന്ന ചോദ്യങ്ങൾ അദ്ദേഹം ഉയർത്തി. ഇവർ തന്റെ പഴയ സഹതാരങ്ങളും സുഹൃത്തുക്കളും ആണെന്ന് പറഞ്ഞ വിനീത് അവർ രാജ്യത്തിനു ആയി കളിക്കുമ്പോൾ അവരുടെ ഉറ്റവർ സുരക്ഷിതർ ആണെന്ന ഉറപ്പ് അവർക്ക് നൽകാൻ നമുക്ക് ആവുമോ എന്നും അദ്ദേഹം ചോദിച്ചു. എല്ലാവർക്കും സുരക്ഷിതമായ ഇടം നമ്മൾ ഒരുക്കണം എന്നു പറഞ്ഞ വിനീത് മണിപ്പൂർ കണ്ണീരിൽ ആണെന്നും നമുക്ക് അവരുടെ വാക്കുകൾക്ക് ചെവി കൊടുക്കാം എന്നും കൂട്ടിച്ചേർത്തു. നേരത്തെ മറ്റ് പല ഇന്ത്യൻ ഫുട്ബോൾ താരങ്ങളും മണിപ്പൂർ വിഷയത്തിൽ പ്രതികരിച്ചിരുന്നു.

Exit mobile version