Site icon Fanport

എന്റെ മകന്റെ കരിയര്‍ ഏകദേശം നീ അവസാനിപ്പിച്ചു – ആറ് സിക്സുകള്‍ക്ക് ശേഷം സ്റ്റുവര്‍ട് ബ്രോഡിന്റെ അച്ഛന്‍ തന്നോട് പറഞ്ഞത് ഇതെന്ന് യുവരാജ് സിംഗ്

2007ലെ ഉദ്ഘാടന ടി20 ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ കിരീടം നേടുമ്പോള്‍ അവയില്‍ ഓര്‍ത്തെടുക്കാനാകുന്ന പ്രകടനം ഇംഗ്ലണ്ടിനെതിരെ യുവരാജ് സിംഗ് നേടിയ ഒരോവറിലെ ആറ് സിക്സുകളാണ്. സ്റ്റുവര്‍ട് ബ്രോഡിനെതിരെ യുവരാജ് അന്ന് നേടിയ സിക്സുകളുടെ കാരണമായത് ആന്‍ഡ്രു ഫ്ലിന്റോഫുമായി ഉണ്ടായ ഗ്രൗണ്ടിലെ ഉരസലായിരുന്നു.

ആ ഓവറിന് തൊട്ടുമുമ്പാണ് ഫ്ലിന്റോഫും യുവരാജ് സിംഗും കോര്‍ത്തത്. പണി കിട്ടിയത് ബ്രോഡിനും. അന്ന് സ്റ്റുവര്‍ട് ബ്രോഡിന്റെ കരിയര്‍ ആരംഭിച്ച സമയമായിരുന്നു. ടൂര്‍ണ്ണമെന്റിലെ മാച്ച് റഫറി കൂടിയായ ക്രിസ് ബ്രോഡ് പിറ്റേ ദിവസം തന്നെ കണ്ട് മകനായ സ്റ്റുവര്‍ട് ബ്രോഡിന് വേണ്ടി തന്റെ ഒപ്പുള്ള ജഴ്സി വാങ്ങുവാന്‍ എത്തിയിരുന്നുവെന്ന് യുവരാജ് പറഞ്ഞു.

അദ്ദേഹം അന്ന് പറഞ്ഞത് തന്റെ മകന്റെ കരിയര്‍ ഏകദേശം യുവരാജ് സിംഗ് അവസാനിപ്പിച്ചുവെന്നും അതിനാല്‍ തന്നെ ജഴ്സി ഒപ്പിട്ട് നല്‍കണമെന്നുമായിരുന്നുവെന്ന് യുവരാജ് സിംഗ് ഓര്‍ത്തെടുത്ത് പറഞ്ഞു. അതിനാല്‍ തന്നെ ജഴ്സിയില്‍ ഒപ്പിട്ട് താന്‍ ഇപ്രകാരം കുറിച്ച് – “എന്നെ ഒരോവറില്‍ അഞ്ച് സിക്സുകള്‍ അടിച്ചിട്ടുണ്ട്, അതിനാല്‍ തന്നെ അതെങ്ങനെയെന്ന് എനിക്കറിയാം, ഇംഗ്ലണ്ട് ടീമിലേക്ക് എല്ലാ വിധ ഭാവുകളങ്ങും നേരുന്നു”

സ്റ്റുവര്‍ട് ബ്രോഡ് ആ സംഭവത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റുവെന്നും ഇന്ന് ലോകത്തിലെ മികച്ച ബൗളര്‍മാരില്‍ ഒരാളായി മാറിയെന്നും യുവരാജ് സിംഗ് പറഞ്ഞു. ഇന്ത്യയിലെ ഒരു ബൗളര്‍ ആണെങ്കില്‍ ഇത്തരത്തില്‍ ആറ് സിക്സ് ഒരോവറില്‍ വഴങ്ങിയ ശേഷം തകര്‍ന്ന് പോയേക്കാമെന്നും ബ്രോഡ് മികച്ച തിരിച്ചുവരവാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടിയതെന്നും യുവി പറഞ്ഞു.

Exit mobile version