Picsart 22 08 31 02 05 22 570

ചെൽസി പതറുകയാണ്!! സതാമ്പ്ടണ് മുന്നിൽ എല്ലാം പാളി

ചെൽസിക്ക് സീസണിലെ രണ്ടാം പരാജയം. ഇന്ന് ലീഗിൽ എവേ മത്സരത്തിൽ സതാമ്പ്ടണെ നേരിട്ട ചെൽസി ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയം ആണ് ഏറ്റുവാങ്ങിയത്.

ചെൽസി ഈ സീസണിൽ രണ്ട് മത്സരങ്ങൾ വിജയിച്ചിരുന്നു എങ്കിലും അവർ അവരുടെ മികവിൽ നിന്ന് ഏറെ ദൂരെ ആയിരുന്നു ആ മത്സരങ്ങളിൽ. ഇന്ന് ചെൽസി സ്ക്വാഡിൽ വിടവുകൾ കൂടുതൽ വ്യക്തമാകുന്നതാണ് കാണാൻ ആയത്. സതാമ്പ്ടണ് എതിരെ നല്ല തുടക്കമായിരുന്നു ചെൽസിക്ക് ലഭിച്ചത്. അവർ 23ആം മിനുട്ടിൽ സ്റ്റെർലിങിലൂടെ ലീഡ് എടുത്തു. രണ്ട് മത്സരങ്ങൾക്ക് ഇടയിൽ സ്റ്റെർലിങ്ങിന്റെ മൂന്നാം ഗോൾ.

ലീഡ് എടുത്തതോടെ ചെൽസിയുടെ ഊർജ്ജം തീർന്നു. പിന്നെ സതാമ്പ്ടന്റെ കളി ആയിരുന്നു. നാലു മിനുട്ടിനകം സമനില ഗോൾ വന്നു. ബെൽജിയൻ താരം റൊമിയോ ലാവിയയുടെ സ്ട്രൈക്ക് മെൻഡിക്ക് തടയാൻ ആയില്ല. ലെവിയയുടെ കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്‌.

ഈ ഗോളിനു ശേഷം സതാമ്പ്ടൺ അറ്റാക്ക് തുടർന്നു. ആദ്യ പകുതിയുടെ അവസാന നിമിഷം സതാമ്പ്ടൺ ലീഡും എടുത്തു. ആംസ്ട്രോങിന്റെ സ്ട്രൈക്ക് ആണ് ഇത്തവണ മെൻഡിയെ കീഴ്പ്പെടുത്തിയത്. ആദ്യ പകുതി സതാമ്പ്ടൺ 2-1ന്റെ ലീഡിൽ അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ ചെൽസി കളിയിലേക്ക് തിരികെ വരാൻ ശ്രമിച്ചു എങ്കിലും സതാമ്പ്ടന്റെ ഹാഡ് വർക്ക് ചെൽസിയെ തടഞ്ഞു. സതാമ്പ്ടൺ മറുവശത്ത് പല തവണ മൂന്നാം ഗോളിന് അടുത്ത് എത്തുകയും ചെയ്തു.

സതാമ്പ്ടന്റെ ഈ സീസണിൽ ആദ്യ ഹോം വിജയം ആണിത്. അഞ്ച് മത്സരങ്ങൾ കഴിഞ്ഞപ്പോൾ സതാമ്പ്ടണും ചെൽസിക്കും ഏഴ് പോയിന്റ് വീതമാണ് ഉള്ളത്.

Exit mobile version