ചെൽസിക്ക് വീണ്ടും പെനാൽറ്റി കണ്ണീർ! എഫ്.എ കപ്പ് കിരീടം ലിവർപൂളിന്

ചെൽസിയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തി എഫ്.എ കപ്പ് കിരീടം സ്വന്തമാക്കി ലിവർപൂൾ. ലീഗ് കപ്പിന്റെ ആവർത്തനം കണ്ട മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ലിവർപൂൾ ജയം കണ്ടെത്തുകയായിരുന്നു. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകൾക്കും ഗോൾ നേടാനാവാതെ പോയതോടെ മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിൽ എത്തുകയായിരുന്നു. ഈ സീസണിൽ ഇരു ടീമുകളും 4 തവണ ഏറ്റുമുട്ടിയപ്പോഴും നിശ്ചിത സമയത്ത് വിജയികളെ കണ്ടെത്താനായിരുന്നില്ല.

മത്സരത്തിന്റെ തുടക്കത്തിൽ ലിവർപൂൾ ആക്രമണമാണ് വെംബ്ലിയിൽ കണ്ടത്. എന്നാൽ പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്ന ചെൽസി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം നേടാനായില്ല. ആദ്യ പകുതിയിൽ ലിവർപൂൾ സൂപ്പർ താരം മൊ സല പരിക്കേറ്റ് പുറത്തുപോയതും ലിവർപൂളിന്റെ ആക്രമണങ്ങളുടെ വേഗത കുറച്ചു. ആദ്യ പകുതിക്ക് വിപരീതമായി രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെൽസിയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. എന്നാൽ ലഭിച്ച അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല. മാർക്കോസ് അലോൺസോയുടെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചതും തിരിച്ചടിയായി. ലിവർപൂളിന്റെ രണ്ട് ശ്രമങ്ങളും പോസ്റ്റിൽ തട്ടി തെറിച്ചിരുന്നു. ലൂയിസ് ഡിയാസിന്റെയും ആൻഡി റോബർട്സന്റെയും ശ്രമങ്ങളാണ് പോസ്റ്റിൽ തട്ടി തെറിച്ചത്.

തുടർന്ന് പെനാൽറ്റിയിൽ ചെൽസിക്ക് വേണ്ടി മാർക്കോസ് അലോൺസോ, റീസ് ജെയിംസ്, റോസ് ബാർക്ലി, ജോർഗീനോ, സീയെച്ച് എന്നിവർ ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ ലിവർപൂളിന് വേണ്ടി ജെയിംസ് മിൽനർ, തിയാഗോ, ഫിർമിനോ, അലക്സാണ്ടർ അർണോൾഡ്, ജോട്ട, സിംകാസ് എന്നിവർ ലക്‌ഷ്യം കണ്ടു. ചെൽസി താരങ്ങളായ സെസാർ അസ്പിലിക്വറ്റയും മേസൺ മൗണ്ടും പെനാൽറ്റി നഷ്ട്ടപെടുത്തിയപ്പോൾ ലിവർപൂൾ താരം സാദിയോ മാനെയും പെനാൽറ്റി നഷ്ടപ്പെടുത്തി.

Exit mobile version