പ്രീമിയർ ലീഗ് : വിജയം തുടർന്ന് ചെൽസി, ന്യൂ കാസിലും വീണു

പ്രീമിയർ ലീഗിൽ മികച്ച ഫോമിലുള്ള ചെൽസിക്ക് വീണ്ടും ജയം. ഇന്ന് നടന്ന മത്സരത്തിൽ ന്യൂ കാസിൽ യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ചെൽസി പരാജയപ്പെടുത്തിയത്. എല്ലാ മത്സരങ്ങളിലും കൂടി ചെൽസിയുടെ തുടർച്ചയായ ആറാമത്തെ ജയം കൂടിയായിരുന്നു ഇത്.

തുടക്കം മുതൽ മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ ചെൽസി ആദ്യ പകുതിയിൽ ന്യൂ കാസിൽ താരം ഫെർണാഡസിന്റെ സെൽഫ് ഗോളിലാണ് മുൻപിലെത്തിയത്. ചെൽസി താരം മേസൺ മൗണ്ടിന്റെ ക്രോസ് ഫെർണാഡസിന്റെ കാലിൽ തട്ടി സ്വന്തം പോസ്റ്റിൽ പതിക്കുകയായിരുന്നു. ആദ്യ പകുതിയിൽ തുടർന്നും കൂടുതൽ ഗോളുകൾ നേടാൻ ചെൽസിക്ക് അവസരം ലഭിച്ചെങ്കിലും ന്യൂ കാസിൽ പ്രതിരോധം മറികടക്കാൻ ചെൽസിക്കായില്ല.

തുടർന്ന് രണ്ടാം പകുതിയിൽ മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ ചെൽസി തങ്ങളുടെ ലീഡ് ഉയർത്തി. സ്വന്തം പകുതിയിൽ നിന്ന് പന്തുമായി കുതിച്ച വാർണർ നൽകിയ പാസ് ഗോളാക്കി ടാമി അബ്രഹാം ആണ് ചെൽസിയുടെ ലീഡ് ഉയർത്തിയത്. ജയത്തോടെ 9 മത്സരങ്ങളിൽ നിന്ന് ചെൽസിക്ക് 18 പോയിന്റായി.

Exit mobile version