ടി20യില്‍ ശതകം നേടുന്ന ആദ്യ ശ്രീലങ്കന്‍ വനിത താരമായി ചാമരി അട്ടപ്പട്ടു, ടീമിന് തോല്‍വി

ശ്രീലങ്കയ്ക്ക് വേണ്ടി ടി20 ചരിത്രത്തില്‍ ആദ്യ ശതകം നേടുന്ന വനിത താരമായി ക്യാപ്റ്റന്‍ ചാമരി അട്ടപ്പട്ടു. 66 പന്തില്‍ നിന്ന് 113 റണ്‍സ് നേടിയ അട്ടപ്പട്ടു 12 ഫോറും 6 സിക്സുമാണ് നേടിയത്. എന്നാല്‍ മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ വന്നപ്പോള്‍ 218 റണ്‍സ് വിജയ ലക്ഷ്യത്തിനായി പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് മാത്രമേ നേടാനായുള്ളു. പരമ്പരയിലെ ആദ്യ മത്സരം 41 റണ്‍സിന് വിജയിച്ച് ഓസ്ട്രേലിയ മുന്നിലെത്തിയിട്ടുണ്ട്.

61 പന്തില്‍ നിന്ന് 113 റണ്‍സ് നേടിയ ബെത്ത് മൂണിയ്ക്കൊപ്പം അലൈസ ഹീലി(21 പന്തില്‍ 43 റണ്‍സ്), ആഷ്‍ലൈ ഗാര്‍ഡ്നര്‍(27 പന്തില്‍ 49 റണ്‍സ്) എന്നിവരുടെ സ്കോറിംഗ് മികവില്‍ ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത് നേടിയത്. 20 ഫോറാണ് ബെത്ത് മൂണി നേടിയത്.

Exit mobile version