Picsart 23 07 01 22 24 28 925

വിരമിക്കൽ പ്രഖ്യാപിച്ചു സെസ്ക് ഫാബ്രിഗാസ്, ഇനി പരിശീലകൻ ആവും

വിരമിക്കൽ പ്രഖ്യാപിച്ചു 36 കാരനായ സ്പാനിഷ് മധ്യനിര താരം സെസ്ക് ഫാബ്രിഗാസ്. മുൻ ആഴ്‌സണൽ, ബാഴ്‌സലോണ, ചെൽസി, മൊണാക്കോ താരമായ ഫാബ്രിഗാസ് കഴിഞ്ഞ സീസണിൽ സീരി ബി ടീം ആയ കോമോക്ക് ആയാണ് കളിച്ചത്. ബാഴ്‌സലോണ അക്കാദമി ആയ ലാ മാസിയയിൽ നിന്നു 2003 ൽ 16 മത്തെ വയസ്സിൽ ആഴ്‌സണലിൽ എത്തിയതോടെയാണ് ഫാബ്രിഗാസിന്റെ കരിയറിൽ വഴിത്തിരിവ് ആയത്.

ആഴ്‌സൻ വെങർക്ക് കീഴിൽ ആഴ്‌സണൽ ആദ്യ ടീമിലേക്ക് കയറിയ ഫാബ്രിഗാസ് തുടർന്ന് അവരുടെ പ്രധാന താരമാവുകയും ക്യാപ്റ്റൻ ആവുകയും ചെയ്തു. തുടർന്ന് 2011 ൽ ബാഴ്‌സലോണയിലേക്ക് മടങ്ങിയ ഫാബ്രിഗാസ് തുടർന്ന് ചെൽസി, മൊണാക്കോ ടീമുകൾക്കും ആയി കളിച്ചു. 2 പ്രീമിയർ ലീഗ് കിരീടം, ഒരു ലാ ലീഗ കിരീടം, 2 എഫ്.എ കപ്പ്, 1 ക്ലബ് ലോകകപ്പ്, 1 യുഫേഫ സൂപ്പർ കപ്പ് അടക്കം 14 കിരീടങ്ങൾ ആണ് ക്ലബ് തലത്തിൽ താരം നേടിയത്.

സ്‌പെയിൻ ടീമിന് ആയി 2008, 2012 ൽ യൂറോ കപ്പ് കിരീടങ്ങൾ നേടിയ ഫാബ്രിഗാസ് 2010 സ്‌പെയിൻ ടീമിന് ഒപ്പം ലോകകപ്പ് കിരീടവും ഉയർത്തി. കരിയറിൽ 849 മത്സരങ്ങളിൽ നിന്നു 148 ഗോളുകളും 253 അസിസ്റ്റുകളും ആണ് ലോകത്തിലെ തന്നെ ഒരു കാലത്തെ ഏറ്റവും മികച്ച താരമായ ഫാബ്രിഗാസ് നേടിയത്. സ്പെയിന് ആയി 110 മത്സരങ്ങൾ ആണ് താരം കളിച്ചത്. കഴിഞ്ഞ സീസണിന്റെ ഇടയിൽ ആഴ്‌സണലിൽ അക്കാദമിയിൽ എത്തിയ ഫാബ്രിഗാസ് കോച്ചിങ് ലൈസൻസ് എടുത്തിരുന്നു. നിലവിൽ വിരമിക്കലിനു ശേഷം കോമോയിൽ സഹ പരിശീലക ചുമതലയിൽ ഫാബ്രിഗാസ് തുടരും.

Exit mobile version