ഹാരി കെയ്ൻ, ഇതാണ് ക്യാപ്റ്റൻ

- Advertisement -

ഇന്ന് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ് ഹാരി കെയ്ൻ ഇറങ്ങുമ്പോൾ ഇംഗ്ലണ്ട് ചരിത്രത്തിൽ ഒരു ലോകകപ്പിൽ ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന സമ്മർദ്ദം കെയ്നിന് മേൽ ഉണ്ടായിരുന്നു. ഹെൻഡേഴ്സണ് ക്യാപ്റ്റൻ ആം ബാൻഡ് നൽകണമായിരുന്നു സൗത്ഗേറ്റ് എന്ന മറുവാദം ഒരു വശത്തും. പക്ഷെ നായകൻ എന്നാൽ കളത്തിൽ മുന്നിൽ നിന്ന് നയിക്കുന്നവൻ ആകണമല്ലോ. കെയിൻ ഇന്നതായിരുന്നു.

ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞപ്പോഴെല്ലാം വല കുലുക്കിയിട്ടുണ്ട് എന്ന ചെറിയ ചരിത്രം ഇന്നും കെയ്ൻ കാത്തു സൂക്ഷിച്ചു. ആദ്യം ലീഡെടുക്കാൻ സഹായിച്ച പൗച്ചറിന്റെ ഫിനിഷും പിന്നെ 91ആം മിനിട്ടിൽ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ അസ്തമിച്ചു എന്ന് തോന്നിയപ്പോഴുള്ള വിജയ ഹെഡറും. 6 യാർഡ് ബോക്സിനുള്ളിൽ നിന്നായിരുന്നു ആ‌ ഹെഡർ എങ്കിലും ഇങ്ങനെയൊരു മികച്ച 6 യാർഡ് ഹെഡർ അടുത്തൊന്നും ഫുട്ബോൾ ലോകം കണ്ടിട്ടില്ല.

ഈ ഗോൾ കെയ്നിന്റെ ഇംഗ്ലണ്ടിനായുള്ള ഗോൾനേട്ടം 15ൽ എത്തിച്ചു. 25 മത്സരങ്ങളിൽ നിന്നാണ് കെയിൻ 15 ഗോളുകളിൽ എത്തിയത്. 25 മത്സരങ്ങളിൽ ഇംഗ്ലണ്ടിന്റെ ഒരു താരത്തിന് മാത്രമെ ഇതിനു മുമ്പ് ഇതിലും മികച്ച റെക്കോർഡ് ഉണ്ടായിരുന്നുള്ളൂ. അത് ഗാരി ലിനെകറിനായിരുന്നു. ഗാരി ലിനെകറിന് ശേഷം ആദ്യമായി ഒരു ഇംഗ്ലീഷ് താരം ലോകകപ്പിൽ ഇരട്ട ഗോളുകൾ നേടി എന്ന നേട്ടവും ഇന്നത്തെ കളിയോടെ കെയ്ൻ സ്വന്തമാക്കി. 1990ൽ ആയിരുന്നു ലിനെകർ ഇംഗ്ലണ്ടിനായി ഇരട്ടഗോളുകൾ നേടിയത്.

ഇംഗ്ലണ്ടിനായി അവസാന എട്ടു മത്സരങ്ങൾ 11 ഗോളുകൾ കെയിൻ സംഭാവന ചെയ്തു. 10 ഗോളുകളും ഒരു അസിസ്റ്റുമാണ് അവസാന എട്ട് കളികളിൽ കെയ്ൻ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement