ജർമ്മൻ കപ്പിൽ നിന്നും ഡോർട്ട്മുണ്ട് പുറത്ത്, ക്ലാസ്സിക്കോയിൽ ബയേണിന് ജയം

ജർമ്മൻ ക്ലാസിക്കോയിൽ ബയേൺ മ്യൂണിക്കിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബയേൺ ബൊറൂസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തിയത്. ഈ പരാജയത്തോടു കൂടി നിലവിലെ ചാമ്പ്യന്മാരായ ഡോർട്ട്മുണ്ട് ജർമ്മൻ കപ്പിൽ നിന്നും പുറത്തതായി. പീറ്റർ സ്റ്റോജെറിന്റെ കീഴിൽ ഡോർട്ട്മുണ്ടിന്റെ ആദ്യ ജർമൻ കപ്പ് പരാജയമാണിത്. ബയേണിന് വേണ്ടി ബോട്ടെങ്ങും മുള്ളറും ഗോളടിച്ചു. ബ്ലാക്ക് ആൻഡ് യെല്ലോസിന്റെ ആശ്വാസ ഗോൾ യെർമലങ്കോ നേടി.

സ്റ്റാർ സ്ട്രൈക്കെർ ഒബാമയാങ് ഇല്ലാതെയാണ് അലയൻസ് അറീനയിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ദേർ ക്ലാസ്സിക്കറിനായിറങ്ങിയത്. ഒബാമയങ്ങിന്റെ അഭാവത്തിൽ പുളിസിക്കും യെർമലങ്കോയും ഒറ്റയാൾ പോരാട്ടങ്ങൾ നടത്തിയെങ്കിലും ആദ്യം സ്‌കോർ ചെയ്തത് ബയേണായിരുന്നു. ജെറോം ബോട്ടെങ്ങിന്റെ തകർപ്പൻ ഹെഡ്ഡാറാണ് ബവേറിയന്മാർക്ക് ലീഡ് സമ്മാനിച്ചത്. ഹാമിഷ് റോഡ്രിഗസിന്റെ ഹെഡ്ഡ് ചെയ്ത സുലേയ്ക്ക് ലക്ഷ്യം കാണാൻ ആയില്ല . പോസ്റ്റിൽ തട്ടിയ പന്ത് റീബൗണ്ടിൽ ബോട്ടെങ്ങിന്റെ ഹെഡ്ഡർ ഡോർട്ട്മുണ്ടിന്റെ വല ചലിപ്പിച്ചപ്പോൾ നോക്കി നിൽക്കാനേ ഗോൾ കീപ്പർ ബുർക്കിക്ക് സാധിച്ചുള്ളൂ.

ആക്രമിച്ച് കളിച്ചിട്ടും ലക്ഷ്യം കാണാതെയായപ്പോൾ ആക്രമണത്തിലെക്കൂന്നാൻ ബർട്രയ്ക്ക് പകരം ദാഹൂദിനെ സ്റ്റോജെർ ഇറക്കി. എന്നാൽ അലാബയുടെ പിഴവിലൂടെ ലഭിച്ച അവസരം മുതലെടുക്കാൻ യർമാലങ്കോയ്ക്ക് സാധിച്ചില്ല. ഗോൾ ലൈനിനു തൊട്ടടുത്ത് നിന്നും ത്വലബാ പന്ത് ക്ലിയർ ചെയ്തു. എന്നാൽ തോമസ് മുള്ളറിലൂടെ 40 ആം മിനുട്ടിൽ ബയേൺ ലീഡുയർത്തി. തോമസ് മുള്ളർ ഗോളടിക്കുന്ന 16 ആം ജർമ്മൻ കപ്പ് മത്സരമാണിത്. ആദ്യ പകുതി ബയേണിന് രണ്ട് ഗോൾ ലീഡ് നൽകിക്കൊണ്ട് അവസാനിച്ചു. 
രണ്ടാം പകുതിയിൽ ഡോർട്ട്മുണ്ട് ആക്രമിച്ചാണ് കളിച്ചത്. എന്നാൽ ലക്ഷ്യം കാണാൻ ഏറെ കാത്തിരിക്കേണ്ടി വന്നു . 77 ആം മിനുട്ടിലാണ് ആന്ദ്രേ യെർമലങ്കോയിലൂടെ ബൊറൂസിയ ഡോർട്ട്മുണ്ട് ആദ്യ ഗോൾ നേടുന്നത്. ഷിൻജി കഗാവ ചിപ്പ് ചെയ്ത് നൽകിയ പന്ത് യെർമലങ്കോ ഗോളാക്കി മാറ്റുകയായിരുന്നു. 90 ആം മിനുട്ടിൽ സമനില നേടാൻ പകരക്കാരനായി ഇറങ്ങിയ ഐസക്കിന് നല്ലൊരു അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial