വീണ്ടും ഗോളുമായി ലെവൻഡോസ്കി, ഫ്രയ്ബർഗിന്റെ വെല്ലുവിളി അതിജീവിച്ചു ബയേൺ

ബുണ്ടസ് ലീഗയിൽ ഫ്രയ്ബർഗിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ബയേൺ മ്യൂണിച്. പതിനൊന്നാം ലീഗ് മത്സരത്തിലെ ഒമ്പതാം ജയം ആണ് ലീഗിൽ ഒന്നാമതുള്ള ബയേണിനു ഇത്. അതേസമയം ഇത് സീസണിൽ ആദ്യമായാണ് ഫ്രയ്ബർഗ് ലീഗിൽ തോൽവി വഴങ്ങുന്നത്. 63 ശതമാനം പന്ത് കൈവശം വച്ച ബയേൺ 29 ഷോട്ടുകൾ ആണ് മത്സരത്തിൽ ഉതിർത്തത്. അതേസമയം 13 ഷോട്ടുകൾ ഫ്രയ്ബർഗും ഉതിർത്തു. ബയേണിന്റെ മത്സരത്തിലെ ആധിപത്യത്തിന്റെ ഫലം ആയിരുന്നു 30 മത്തെ മിനിറ്റിലെ ആദ്യ ഗോൾ. തോമസ് മുള്ളറിന്റെ പാസിൽ നിന്നു ലിയോൺ ഗോരേട്സ്കയാണ് ബയേണിനു ആയി ആദ്യ ഗോൾ നേടിയത്.

തുടർന്നും ഗോൾ നേടാനുള്ള ബയേണിന്റെ ശ്രമം വിജയിച്ചത് രണ്ടാം പകുതിയിൽ 75 മത്തെ മിനിറ്റിൽ ആണ്. ഇത്തവണ ലിറോയ്‌ സാനെയുടെ പാസിൽ നിന്നു റോബർട്ട് ലെവൻഡോസ്കി ലക്ഷ്യം കണ്ടു. സീസണിൽ ലീഗിലെ 11 മത്തെ മത്സരത്തിലെ 13 മത്തെ ഗോൾ ആണ് പോളണ്ട് താരത്തിനു ഇത്. സീസണിൽ ഇത് വരെ 21 ഗോളുകൾ താരം നേടിക്കഴിഞ്ഞു. മത്സരത്തിന്റെ ഇഞ്ച്വറി സമയത്തു 92 മത്തെ മിനിറ്റിൽ ഫ്രയ്ബർഗ് ഗോൾ തിരിച്ചടിച്ചത് ബയേണിനെ അവസാന നിമിഷങ്ങളിൽ ആശങ്കയിൽ ആക്കി. യാനിക് ഹാബറർ ആണ് ഫ്രയ്ബർഗിന്റെ ഗോൾ നേടിയത്. അവസാന നിമിഷങ്ങളിൽ അൽപ്പം പതറിയെങ്കിലും ബയേൺ ലീഗിലെ മൂന്നാം സ്ഥാനക്കാരോട് ജയം പൂർത്തിയാക്കുക ആയിരുന്നു.

Exit mobile version