ടെസ്റ്റ് ക്രിക്കറ്റിന്റെ മികച്ച ഉദാഹരണം ആയിരുന്നു ബ്രിസ്റ്റോള്‍ ടെസ്റ്റ്

ഇന്ത്യയ്ക്കെതിരെ വിജയം നേടുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചില്ലെങ്കിലും വനിത ക്രിക്കറ്റിൽ ടെസ്റ്റ് ക്രിക്കറ്റ് എന്ത് കൊണ്ട് ഇനിയും വേണമെന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു ബ്രിസ്റ്റോളിൽ കണ്ടതെന്ന് പറഞ്ഞ് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ്.

ബ്രിസ്റ്റോളിൽ ഇംഗ്ലണ്ടിൽ നിന്ന് ആവേശകരമായ സമനില പിടിച്ചെടുത്ത് മുഖം രക്ഷിക്കുവാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. 199/7 എന്ന നിലയിലേക്ക് വീണ ഇന്ത്യയുടെ പക്കൽ വെറും 34 റൺസ് ലീഡ് മാത്രമായിരുന്നു അപ്പോളുണ്ടായിരുന്നത്.

അവിടെ നിന്ന് സ്നേഹ് റാണ താനിയ ഭാട്ടിയ, ശിഖ പാണ്ടേ എന്നിവരുമായി മികച്ച തിരിച്ചുവരവാണ് ഇന്ത്യയ്ക്കായി നടത്തിയത്. മികച്ച മത്സരമായിരുന്നു ബ്രിസ്റ്റോളിലേതെന്നും ജയം സ്വന്തമാക്കാനാകാത്തതിൽ വിഷമം ഉണ്ടെന്നും എന്നാൽ ടെസ്റ്റ് ക്രിക്കറ്റിന്റെ മികച്ച പരസ്യമായി ഈ മത്സരത്തെ കാണാവുന്നതാണെന്നും ഇംഗ്ലണ്ട് നായിക പറഞ്ഞു.

ഇരു ടീമിലെയും ചെറുപ്പക്കാരായ താരങ്ങള്‍ മികവ് പുലര്‍ത്തുന്നത് കാണാനായെന്നും അരങ്ങേറ്റക്കാരുടെ പ്രകടനങ്ങളും ഈ ടെസ്റ്റ് മത്സരത്തെ കൂടുതൽ മനോഹരമാക്കിയെന്നും ഹീത്തര്‍ നൈറ്റ് സൂചിപ്പിച്ചു.

Exit mobile version