വമ്പൻമാർക്ക് കാലിടറുന്നു, അർജന്റീനയ്ക്ക് പിന്നാലെ ബ്രസീലും സമനിലകുരുക്കിൽ

- Advertisement -

ബ്രസീലിനെ സമനിലയിൽ തളച്ച് സ്വിറ്റ്സർലാന്റ്. ഒരോ ഗോൾ വീതമടിച്ചാണ് ഇരു ടീമുകളും പിരിഞ്ഞത്. സ്വിറ്റ്സർലാൻടിനു വേണ്ടി സ്റ്റീവൻ സുബേറും ബ്രസീലിനു വേണ്ടി കൗട്ടിഞ്ഞോയുമാണ് ഗോളടിച്ചത്. ബ്രസീൽ, അർജന്റീന, സ്പെയിൻ, ജർമ്മനി, എന്നി ടീമുകൾക്കൊന്നും റഷ്യൻ ലോകകപ്പിലെ ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.

ആറാം കിരീടം തേടി ഇറങ്ങിയ ബ്രസീൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത് . പരിക്കിന്റെ ഭീഷണി കാരണം സൂപ്പർ താരം നെയ്മർ കളത്തിൽ ഇറങ്ങില്ലെന്നു കരുതിയെങ്കിലും ബ്രസീലിന്റെ ആദ്യ മത്സരത്തിൽ നെയ്മർ സ്റ്റാർട്ട് ചെയ്തു. തുടക്കം മുതലേ സ്വിറ്റ്സർലാന്റീനെ അക്രമിച്ച് കളിക്കാൻ തുടങ്ങിയിരുന്നു ബ്രസീൽ. ജീസൂസും നെയ്മറും കൗട്ടീഞ്ഞോയും പൗളീഞ്ഞ്യോയും തുടരെ തുടരെ സ്വിസ് പ്രതിരോധത്തിൽ വിള്ളലുകൾ വീഴ്തിക്കൊണ്ടേയിരുന്നു.

ഷാഖിരിയും ജക്കയും റോഡ്രീഗ്രസുമടങ്ങുന്ന സ്വിസ് നിരയും വെറുതേ ഇരുന്നില്ല. പ്രത്യാക്രമണങ്ങളുമായി ബ്രസിലിന്റെ പ്രതിരോധത്തെ അവരും ഇടയ്ക്കിടെ പരീക്ഷിച്ചു. ബ്രസീലിയൻ ആരാധകർ കാത്തിരുന്ന ലോകകപ്പിലെ ആദ്യ ഗോൾ പിറന്നത് ഇരുപതാം മിനുട്ടിലാണ്. കൗട്ടിഞ്ഞോയുടെ വെടിക്കെട്ട് ഷോട്ടിലൂടെ ബ്രസീൽ ആദ്യ ഗോൾ അടിച്ചു.

എന്നാൽ ആദ്യ പകുതിയിൽ കണ്ട സ്വിസ്സ് നിരയല്ല രണ്ടാം നിരയിൽ കാണാൻ സാധിച്ചത്. തുടർച്ചയായ ആക്രമണമാണ് ബ്രസീലിയൻ പ്രതിരോധത്തിന് നേരെ സ്വിറ്റ്സർലാൻഡ് അഴിച്ചു വിട്ടുകൊണ്ടിരുന്നത്. അൻപതാം മിനുട്ടിൽ സുബേറിലൂടെ സ്വിറ്റ്സർലാൻഡ് സമനില നേടി. ഷാഖിരി എടുത്ത കോർണർ ഒരു തകർപ്പൻ ഹെഡ്ഡറിലൂടെയാണ് സുബേർ ഗോളാക്കി മാറ്റിയത്. പിന്നീട് പതിയെ സ്വിസ്സ് നിര മത്സരത്തിൽ ആധിപത്യം നേടുകയായിരുന്നു. മത്സരം അന്ത്യ ഘട്ടത്തിലേക്ക് കടക്കുമ്പോൾ നെയ്മറും സംഘവും പഠിച്ച പതിനെട്ടടവും പയറ്റിയിട്ടും സ്വിസ്സ് പ്രതിരോധം ഭേദിച്ച് ഗോളടിക്കാൻ സാധിച്ചില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement