മൂന്ന് ഗോൾ ജയത്തോടെ ബ്രസീൽ റഷ്യയിലേക്ക്, നെയ്മറിന് വീണ്ടും ഗോൾ

- Advertisement -

ബ്രസീൽ തങ്ങളുടെ മികവ് തുടരുകയാണ്. ലോകകപ്പിന് മുമ്പായുള്ള അവസാന സന്നാഹ മത്സരത്തിൽ ഓസ്ട്രിയയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ ടിറ്റെയുടെ ടീമിന് ചെറിയൊരു വെല്ലുവിളി പോലും ഉയർത്താൻ ഓസ്ട്രിയക്കായില്ല. ബ്രസീലിനായി ജീസുസ്, നെയ്മർ, കൗട്ടീനോ എന്നിവർ ഇന്ന് ഗോൾ കണ്ടെത്തി.

കൗട്ടീനോയെ മിഡ്ഫീൽഡിൽ ഇറക്കിയാണ് ഇന്ന് ടിറ്റെ ബ്രസീലിനെ അണിനിരത്തിയത്. അതിനുള്ള ഗുണം ബ്രസീലിന് ലഭിക്കുകയും ചെയ്തു. മിഡ്ഫീൽഡിൽ കൗട്ടീനോ നിറഞ്ഞു കളിക്കുകയായിരുന്നു. 36ആം മിനുട്ടിലായിരുന്നു ബ്രസീലിന്റെ ആദ്യ ഗോൾ ജീസുസിലൂടെ പിറന്നത്. ഈ ഗോളോടെ ജീസുസ് ബ്രസീൽ ജേഴ്സിയിൽ 10 ഗോളുകളിൽ എത്തി.

രണ്ടാം പകുതിയിൽ വില്ല്യന്റെ അസിസ്റ്റിലായിരുന്നു നെയ്മറിന്റെ ഗോൾ. വില്യനിൽ നിന്ന് പന്ത് സ്വീകരിച്ച നെയ്മർ ഓസ്ട്രിയൻ ഡിഫൻഡറെ സ്കില്ല് കൊണ്ട് നിലത്തുവീഴ്ത്തിയ ശേഷമാണ് ഗോളടിച്ചത്. നെയ്മർ പരിക്കിൽ നിന്ന് തിരിച്ചെത്തിയ രണ്ടു മത്സരത്തിലും ഗോൾ കണ്ടെത്തി എന്നത് ബ്രസീൽ ആരാധകർക്ക് ആത്മവിശ്വാസം നൽകും. ഇന്നത്തെ ഗോളോടെ 55 ഗോളുകളുമായി റൊമാരിയോയുടെ ഗോൾ സ്കോറിംഗ് റെക്കോർഡിനൊപ്പവും നെയ്മർ എത്തി.

69ആം മിനുട്ടിൽ ഫർമീനോയുടെ അസിസ്റ്റിൽ നിന്നായിരുന്നു കൗട്ടീനോയുടെ ഗോൾ. ഇനി റഷ്യയിലേക്ക് പറക്കുന്ന ബ്രസീൽ ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ സ്വിറ്റ്സർലാന്റിനെയാണ് നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement