മൂന്നാം ദിവസം ബൗളര്‍മാര്‍ക്ക് മേല്‍ക്കൈ, ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും ബാറ്റിംഗ് തകര്‍ച്ച

- Advertisement -

അഡിലെയിഡ് ടെസ്റ്റിന്റെ മൂന്നാം ദിവസം ബൗളര്‍മാര്‍ക്ക് മേല്‍ക്കൈ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 227 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സില്‍ 53/4 എന്ന നിലയിലാണ്. 29/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനു തുടരെ വിക്കറ്റുകള്‍ നഷ്ടമായി. അലിസ്റ്റര്‍ കുക്കിനു (37) പിന്തുണ നല്‍കാന്‍ ഇംഗ്ലണ്ട് ടോപ് ഓര്‍ഡറിനു കഴിയാതെ വന്നപ്പോള്‍ ഒരു ഘട്ടത്തില്‍ ടീം 80/4 എന്ന നിലയിലേക്കും പിന്നീട് 142/7 എന്ന നിലയിലേക്കും വീണു.

മധ്യനിരയില്‍ ദാവീദ് മലന്‍(19), മോയിന്‍ അലി(25), ജോണി ബാരിസ്റ്റോ(21), ക്രിസ് വോക്സ്(36) എന്നിവര്‍ ചെറുത്തുനില്പ് നടത്തിയെങ്കിലും ആര്‍ക്കും തന്നെ അധിക നേരം പിടിച്ച് നില്‍ക്കാനായില്ല. മികച്ചൊരു റിട്ടേണ്‍ ക്യാച്ചിലൂടെ മോയിന്‍ അലിയെ പുറത്താക്കി നഥാന്‍ ലയണ്‍ ദിവസത്തെ താരമായി മാറി.

ക്രെയിഗ് ഓവര്‍ട്ടണ്‍ പുറത്താകാതെ നേടിയ 41 റണ്‍സാണ് ഇംഗ്ലണ്ടിന്റെ സ്കോര്‍ 200 കടക്കാന്‍ സഹായിച്ചത്. നഥാന്‍ ലയണ്‍ നാല് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ഇംഗ്ലണ്ട് ഇന്നിംഗ്സ് 227ല്‍ അവസാനിക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്കും തുടക്കം മോശമായിരുന്നു. ക്രിസ് വോക്സും ജെയിംസ് ആന്‍ഡേഴ്സണും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഓസ്ട്രേലിയയുടെ നിലയും പരുങ്ങലിലായി. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്(3*), നഥാന്‍ ലയണ്‍(3*) എന്നിവരാണ് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ക്രീസില്‍ നിലയുറപ്പിച്ചിട്ടുള്ളത്. മത്സരത്തില്‍ 268 റണ്‍സിന്റെ ലീഡാണ് ഓസ്ട്രേലിയയ്ക്ക് സ്വന്തം.

മോയിന്‍ അലിയെ പുറത്താക്കിയ നഥാന്‍ ലയണിന്റെ ക്യാച്ച് ഇവിടെ കാണാം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement